കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പ്രൊഡക്ഷൻ കണ്ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു.
തട്ടിപ്പിൽ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധർമജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധർമജൻ ഉൾപ്പെടെ സിനിമാ മേഖലയിൽനിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നത്.
ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
കേസിൽ ഹെയർ സ്റ്റൈലിസ്റ്റും ചാവക്കാട് സ്വദേശിയുമായ ഹാരിസ് എന്നയാളെ തിങ്കളാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. ഹാരിസിന് സിനിമാക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തായിരുന്നു ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ പ്രതികൾ നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. അഞ്ച് പേർ കൂടി ഇന്ന് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക