തമിഴ്നാട് രാജ്ഭവനില്‍ കൂട്ടത്തോടെ കോവിഡ്. സുരക്ഷാ, അഗ്നിശമന ഉദ്യോഗസ്ഥര്‍ അടക്കം രാജ്ഭവനിലെ 84 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഗവര്‍ണര്‍ ഇല്ലെന്ന് തമിഴ്നാട് രാജ്ഭവന് അറിയിച്ചു.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്ഭവന് ഒന്നടങ്കം അണുവിമുക്തമാക്കാന്‍ തീരുമാനിച്ചു. രാജ്ഭവനില്‍ ജോലി ചെയ്യുന്ന ചിലരില്‍ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് വ്യാപകമായ പരിശോധന നടത്തുകയായിരുന്നു. 147 പേരില്‍ നടത്തിയ പരിശോധനയിലാണ് 84 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇവരെയെല്ലാം ക്വാറന്റൈനിലാക്കിയതായി ആരോഗ്യ വിഭാഗം അറിയിച്ചു.
ഈ ജീവനക്കാരെല്ലാം രാജ്ഭവന്റെ മുഖ്യ കെട്ടിടത്തിന് വെളിയിലാണ് ജോലി ചെയ്തിരുന്നത്. അതിനാല്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടില്ലെന്ന് രാജ്ഭവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക