കേരളം കൊവിഡിനൊപ്പം സഞ്ചാരം തുടങ്ങിയിട്ട് ആറ് മാസമായി എന്നും ജനം കാട്ടുന്ന ജാഗ്രതയും പിന്തുണയും പ്രതിരോധ പ്രവർത്തനത്തിന് ഊർജ്ജമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സർക്കാരിന് കൊവിഡ് പ്രതിരോധത്തിൽ എന്ത് പങ്കെന്ന്ചോദ്യത്തിന് നാൾവഴി പരിശോധിച്ചാൽ ഉത്തരമുണ്ടാകും. ജനുവരി 30-നാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനത്തിന് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാം വാരം മുതൽ ആരോഗ്യവകുപ്പ് ഉണർന്ന് പ്രവർത്തിച്ചു. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോൾ ഇല്ലാതിരുന്നപ്പോഴും നടപടികളുമായി മുന്നോട്ട് പോയി
അൺലോക്ക് ആരംഭിച്ചതോടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. അതിർത്തി കടന്നും വിമാനത്തിലൂടെയും കേരളത്തിലേക്ക് ആളുകൾ വന്നു. 682699 പേർ ഇതുവരെ വന്നു. 419943 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരായിരുന്നു. 262756 പേർ വിദേശത്ത് നിന്നും വന്നവർ.
മറ്റിടങ്ങളിലെ പോലെ രോഗവ്യാപനം കേരളത്തിലില്ല. നാം നടത്തിയ ചിട്ടയായ പ്രവർത്തനമാണ് അപകടത്തിലേക്ക് പോകാതെ കേരളത്തെ രക്ഷിച്ചത്. ആരോഗ്യമേഖലയിൽ കൊവിഡ് പ്രതിരോധത്തിന് ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടർമാരെ നിയമിച്ചു. കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമാക്കി. 273 തസ്തിക സൃഷ്ടിച്ചു. 980 ഡോക്ടർമാർക്ക് താത്കാലിക നിയമനം നൽകി. 6700 താത്കാലിക തസ്തികകളിലേക്ക് എൻഎച്ച്എം വഴി നിയമനം നടത്തി.
കൊവിഡ് രോഗികൾക്ക് മാത്രമായി ആയിരത്തോളം ആംബുലൻസുകൾ സജ്ജമാക്കി. 50 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ആശുപത്രികളെ വളരെപ്പെട്ടെന്ന് കൊവിഡ് ആശുപത്രികളാക്കി, സൗകര്യം സജ്ജമാക്കി. 105, 95 വയസുള്ള രോഗികളെ വരെ ചികിത്സിച്ച് ഭേദമാക്കി. വാർഡ് തല സമിതി തുടങ്ങി മുകളറ്റം വരെയുള്ള നിരീക്ഷണ സംവിധാനമാണ് സംസ്ഥാനത്തിന്റെ കരുത്ത്.
ലോക്ക്ഡൗൺ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20000 കോടിയുടെ പാക്കേജ് സംസ്ഥാനം നടപ്പാക്കി. 60 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകി. ക്ഷേമപെൻഷൻ കിട്ടാത്ത 15 ലക്ഷം കുടുംബങ്ങൾക്ക് ആയിരം രൂപ വീതം ധനസഹായം നൽകി. വിവിധ ക്ഷേമനിധി അംഗങ്ങൾക്ക് ധനസഹായം നൽകി. കുടുംബശ്രീ വഴി 2000 കോടി രൂപ വിതരണം ചെയ്യാൻ പദ്ധതി തയ്യാറാക്കി. 184474 പേർക്കായി 1742.32 കോടി രൂപ വിതരണം ചെയ്തു.
പൊതുവിതരണ സംവിധാനം വഴി 85 ലക്ഷം കുടുംബങ്ങൾക്ക് ധാന്യം വിതരണം ചെയ്തു. ഫലവ്യഞ്ജന കിറ്റ് സൗജന്യമായി നൽകി. അങ്കൺവാടികളിൽ നിന്ന് കുട്ടികൾക്ക് പോഷകാഹാരം വീടുകളിൽ എത്തിച്ചു. 26 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് നൽകി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക