ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകി സഹോദരിയെ കൊന്ന കേസിൽ പ്രതി ആൽബിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലെത്തിക്കുമെന്ന് സൂചന. തുടർന്ന് വൈദ്യ പരിശോധനക്കും, കൊവിഡ് പരിശോധനക്കും ശേഷം കോടതിയിൽ ഹാജരാക്കും. കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാൽ കാസർകോട് കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. ഇന്നലെ വൈകിട്ടാണ് ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഐസ്ക്രീമിൽ വിഷം കലർത്തി നൽകി വീട്ടിലുള്ളവരെയെല്ലാം കൊലപ്പെടുത്താൻ ആൽബിൻ പദ്ധതിയിട്ടെന്നാണ് പൊലീസ് കണ്ടെത്തൽ. എലിവിഷം ശരീരത്തിലെത്തിയതിനെ തുടർന്ന് അവശ നിലയിലായ ആൽബിന്റെ അച്ഛൻ ബെന്നി അപകട നില തരണം ചെയ്തെന്നാണ് വിവരം.
ഈ മാസം അഞ്ചിനാണ് ഛർദ്ദിയെത്തുടർന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലായിരുന്ന ആനി ബെന്നി മരിച്ചത്. പിറ്റേന്ന് തന്നെ ആനിയുടെ അച്ഛൻ ബെന്നിയും അമ്മ ബെൻസിയേയും ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി.
ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ആനിയുടെ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ എലിവിഷത്തിന്റെ അംശം കണ്ടെത്തിയത് വഴിത്തിരിവായി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ നടത്തിയ കൊലപാതകമെന്ന് തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക