എല്ലാത്തരം ലഹരിയിൽ നിന്നും സിനിമാ ലോകം അകന്നു നിൽക്കണമെന്ന് ചലച്ചിത്ര താരം ആർ. മാധവൻ. ജീവിതത്തെയും സിനിമയെയും അഭിലാഷങ്ങളെയും തകർക്കാൻ മാത്രമേ ലഹരി ഉപകരിക്കു എന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ബോളിവുഡിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നേരിട്ട് വിവരങ്ങൾ ലഭിക്കാത്തതിനാൽ അക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ വെബ് സീരീസ് ചിത്രമായ ‘സെവൻത് സെൻസി’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബൈയിൽ എത്തിയതായിരുന്നു നടൻ. ചലച്ചിത്രം പൂർണമായും ദുബൈയിലാണ് ചിത്രീകരിക്കുന്നത്. കോവിഡ് കാലത്തും ദുബൈ നിലനിർത്തുന്ന സജീവത അദ്ഭുതകരമാണെന്ന് നിർമാതാവ് ഗൗരാംങ് ജോഷി പറഞ്ഞു. കരൺ ദാരാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജിബ്രാൻ നൂറാനിയുടേതാണ്.
ഒ.ടി.ടിയിൽ കഥപറയുന്നതിന് വളരെ സ്വാതന്ത്ര്യം കിട്ടുമെങ്കിലും അത് സാമൂഹിക സന്തുലിതാവസ്ഥയെ തകർക്കുന്ന രീതിയിലാകുമെന്ന് കരുതുന്നില്ലെന്നും മാധവൻ കൂട്ടിച്ചേർത്തു. പൂർണമായും മൊബൈലിൽ ചിത്രീകരിച്ച മലയാള ചലച്ചിത്രം സീ യൂ സൂൺ കാണാൻ സാധിച്ചില്ലെന്നും എങ്കിലും മികച്ച ആശയമാണിതെന്നും മാധവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക