ഇന്ന് സെപ്റ്റംബർ 10 ആത്മഹത്യ പ്രതിരോധ ദിനം. ലോക ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ ആത്മഹത്യക്ക് എതിരെ സന്ദേശവുമായി മാന്ത്രികന് ഗോപിനാഥ് മുതുകാട്. തനിക്കുണ്ടായ അനുഭവമാണ് അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്.
അദ്ദേഹത്തിന്റെ കുറിപ്പ്:
‘കെഎല്‍എം 3037 പണ്ട് മാജിക് ട്രൂപ്പിന് വേണ്ടി വന്‍ തുക കടമെടുത്ത് വാങ്ങിയ പഴയ വണ്ടി. (കൂടെയുള്ളത് മാമ എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ഡ്രൈവര്‍ നാരായണന്) ഈ വണ്ടി ഒരു കാലത്തെ എന്റെ എടുത്തുചാട്ടവും മണ്ടത്തരവുമായിരുന്നു.
ഇന്ന് സെപ്റ്റംബർ 10- ആത്മഹത്യ പ്രതിരോധ ദിനം
മാജിക് ഷോയ്ക്ക് ബുക്കിംഗ് കിട്ടാതെയായപ്പോള്‍, അടവ് തിരിച്ചടക്കാനാവാതെ വന്നപ്പോള്‍, പലിശയും പലിശയുടെ പലിശയും കുമിഞ്ഞു കൂടിയപ്പോള്‍ എന്നെ ആത്മഹത്യയുടെ അരികിലെത്തിച്ച വാഹനം.
അടുത്ത നാളില്‍ അച്ഛന് എന്റെ കൈയില്‍ പണം വച്ചുതന്നതിനു ശേഷം പറഞ്ഞൊരു വാചകമുണ്ട്. ‘നീ ഇവിടെ ജീവിതം അവസാനിപ്പിച്ചാല്‍ നിനക്ക് സുന്ദരമായ നിന്റെ ജീവിതം നഷ്ടപ്പെടും. ഞങ്ങള്‍ക്ക് നിന്നെയും നഷ്ടപ്പെടും. പക്ഷെ ലോകത്തിന് ഒന്നും നഷ്ടപ്പെടാനില്ല.
അത് ഇതേപോലെ മുന്നോട്ടുപോകും. എന്നാല്‍ ഇത്തരം പ്രശ്നങ്ങളെ തോല്‍പ്പിച്ച് നീ ജീവിക്കാന്‍ പഠിച്ചാല്‍ അത് നിന്നെ ഏതു പ്രശ്നങ്ങളെയും നേരിടാന്‍ പഠിപ്പിക്കും.’ അരികിലില്ലാത്ത അച്ഛന് നന്ദി. അന്ന് മനസ്സിലാക്കിയതാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നും നേരിടലാണ് ജീവിതമെന്നും. തോല്‍ക്കരുത് ഏതു പ്രതിസന്ധികളിലും…അതിജീവനമാണ് ജീവിതത്തിന്റെ സൗന്ദര്യം’
പ്രതികരിക്കാൻ ഇവിടെ എഴുതുക