അബുദാബി: ധോനി ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കണമെന്ന് ഫാഫ് ഡുപ്ലസി. പതിമൂന്നാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ യാത്ര അവസാനിച്ചതോടെയാണ് ധോനിയുടെ ഐപിഎല്‍ വിരമിക്കലും ചര്‍ച്ചയായത്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിരമിക്കല്‍ ഇല്ലെന്ന് ധോനി ഉറപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഐപിഎല്‍ മത്സരങ്ങളില്‍ ഇനിയും ധോനിയുടെ സാന്നിധ്യം വേണമെന്ന ഡ്യൂപ്ലസിയുടെ അഭിപ്രായപ്രകടനം.
‘ നിങ്ങള്‍ സിഎസ്കെയെക്കുറിച്ച് സംസാരിക്കുമ്പോള്‍ എം എസ് ധോനിയാണ് മനസ്സിലേക്ക് വരുന്നത്. ഇന്നലെ പറഞ്ഞ ആ ഉത്തരം അടുത്ത വര്‍ഷവും ഈ മഹാ മാമാങ്കത്തിനെത്താന് അദ്ദേഹത്തില്‍ എത്രമാത്രം ആവേശമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്’, ഡ്യൂപ്ലസി പറഞ്ഞു. ‘ഇത് മഞ്ഞ ജേഴ്സിയില്‍ താങ്കളുടെ അവസാന മത്സരമായിരിക്കുമോ’ കമന്റേറ്റര്‍ ഡാനി മോറിസണ്‍ ധോനിയോട് ചോദിച്ചപ്പോള്‍ ‘ഒരിക്കലുമല്ല’ എന്നാണ് ഇന്നലെ ധോനി നല്കിയ മറുപടി.
‘ഐപിഎല്ലിന് ധോനിയുടെ കളി ആവശ്യമാണ്. ആരാധകര്‍ അയാളെ അത്രമാത്രം ഇഷ്ടപ്പെടുമ്പോള്‍ എന്തിന് വേണ്ടെന്നുവയ്ക്കണം. അദ്ദേഹത്തില്‍ ഇപ്പോഴും ആ ഉത്സാഹമുണ്ട്. ഒരു വലിയ താരമായിരിക്കുമ്പോള്‍ അതിന്റെതായ പ്രതീക്ഷയും സമ്മര്‍ദ്ദവുമുണ്ടാകും’, ഡ്യൂപ്ലസി പറഞ്ഞു.
ധോനിയുടെ വിരമിക്കലിനെക്കുറിച്ച് പലരും സംസാരിക്കുന്നത് താനും കേട്ടിരുന്നെന്നും ഇന്നലത്തെ ആ ഉത്തരം എല്ലാ റൂമറുകളും ഇല്ലാതാക്കുന്നതായിരുന്നെന്നും ഡ്യൂപ്ലസി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക