ദുബായ്: സീസണിലെ അവസാന ലീഗ് മത്സരത്തിലാണ് പ്ലേഓഫിലേക്ക് എത്തുന്ന നാലാം സ്ഥാനക്കാര്‍ ആരെന്നതില്‍ ഫലം വരിക. കരുത്തരായ മുംബൈ ഇന്ത്യന്സിനെതിരരെ ജയിച്ചു കയറുക ഹൈദരാബാദിന് വെല്ലുവിളിയാവും. എന്നാല്‍ ഹൈദരാബാദിന് മുംബൈക്ക് മുകളില്‍ മുന്‍തൂക്കം നേടാനാവും എന്നാണ് ഇതിഹാസ താരം ബ്രയാന്‍ ലാറ പറയുന്നത്.
കഴിഞ്ഞ ഏതാനും കളികളില്‍ മികവ് കാണിക്കാന്‍ ഹൈദരാബാദിന് കഴിഞ്ഞു. വെല്ലുവിളിക്ക് അനുസരിച്ച് അവര്‍ക്ക് ഇത്തവണയും ഉയരാനാവും എന്നാണ് എന്റെ പ്രതീക്ഷ. ഒരുപക്ഷേ അലസതയോടെയാവാം മുംബൈ കളിക്കാനിറങ്ങുക.
ഏതാനും കളിക്കാര്‍ക്ക് മുംബൈ വിശ്രമം അനുവദിച്ചേക്കും. ഇത് ഹൈദരാബാദിന് ഗുണം ചെയ്യും. ജയിക്കാന്‍ വേണ്ടി എല്ലാ ശ്രമവും ഹൈദരാബാദിന്റെ ഭാഗത്ത് നിന്നുമുണ്ടാവണം എന്നും ലാറ പറഞ്ഞു.
നിലവില്‍ 12 പോയിന്റാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനുള്ളത്. കൊല്‍ക്കത്തയ്ക്ക് 14 പോയിന്റും. മുംബൈക്കെതിരെ ഇന്ന് ജയം പിടിച്ചാല്‍ ഹൈദരാബാദിന് 14 പോയിന്റാവും. നെറ്റ്റണ്‍റേറ്റിലെ മുന്‍തൂക്കം ഇവിടെ കൊല്‍ക്കത്തയെ മറികടന്ന് പ്ലേഓഫിലേക്ക് എത്താന്‍ ഹൈദരാബാദിനെ തുണയ്ക്കും.
സീസണില്‍ ഇതിന് മുന്‍പ് മുംബൈയുമായി ഏറ്റുമുട്ടിയപ്പോള്‍ തോല്‍വിയായിരുന്നു ഹൈദരാബാദിനെ തേടിയെത്തിയത്. സണ്‍റൈസേഴ്സിന് എതിരെ 200ന് മുകളില്‍ അന്ന് മുംബൈ സ്കോര്‍ കണ്ടെത്തിയിരുന്നു. അവസാന ഓവറുകളില്‍ ഹര്‍ദിക്കും പൊള്ളാര്‍ഡും ക്രൂനാലും ചേര്‍ന്ന് നടത്തിയ വെടിക്കെട്ടാണ് മുംബൈയെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക