സിനിമയിൽ പിച്ചവെച്ചു തുടങ്ങിയിരിക്കയാണ് പ്രിയാലാൽ . സിനിമയിൽ പ്രിയയ്ക്കിത് സെക്കന്റ് ഇന്നിങ്സ് വേള . ദുബായിലെ റാസൽ ഖൈമയിൽ ജനിച്ച് , യൂ കെ യിലെ ലിവർപൂളിൽ പഠിച്ചു വളർന്ന പ്രവാസി മലയാളിയായ പ്രിയാലാലിന് നൃത്തവും അഭിനയവും ശ്വാസം പോലെയാണ് . സിനിമയോടുള്ള അഭിനിവേശത്താൽ കൊച്ചിയിൽ താമസമാക്കിയിരിക്കുന്ന ഈ കലാകാരി മലയാളം ,തമിഴ് ,തെലുങ്ക് എന്നീ ഭാഷകളിൽ ഓരോ സിനിമ വീതം അഭിനയിച്ചു കഴിഞ്ഞു .ചെറുപ്പം മുതലേ ഭരതനാട്യം ,മോഹിനിയാട്ടം, പാശ്ചാത്യ നൃത്തം എന്നിവ അഭ്യസിച്ചു പ്രാവീണ്യം സിദ്ധിച്ച പ്രിയ രണ്ടു വർഷം ‘ ലിവർപൂൾ കലാതിലക’ മായിരുന്നു. സിനിമയോട് താൽപര്യമുണ്ടായിരുന്നെങ്കിലും വിദേശത്തായതു കൊണ്ടും സിനിമാ ബന്ധങ്ങൾ ഇല്ലാത്തതിനാലും കാര്യമായ പരിശ്രമം ഒന്നും നടത്താനായില്ല.എന്നാൽ തികച്ചും അവിചാരിതമായിട്ടായിരുന്നത്രെ തന്റെ പതിമൂന്നാം വയസ്സിൽ അവധി കാലത്ത് നാട്ടിലെത്തിയപ്പോൾ ആദ്യമായി ക്യാമറക്കു മുന്നിലെത്തിയത്.
ഒരു കുടുംബ സുഹൃത്ത് മുഖേന ‘ ജനകൻ ‘ എന്ന സിനിമയിലൂടെയായിരുന്നു ആദ്യ ചുവടു വെയ്പ്പ് . അതിൽ സുരേഷ് ഗോപിയുടെ മകളുടെ വേഷമായിരുന്നു. ആ സിനിമയുടെചിത്രീകരണത്തോടൊപ്പം തന്നെ അവധിയും തീർന്ന് ലിവർ പൂളിലേക്ക് മടങ്ങി.ഇപ്പോഴിതാ പഠിത്തവും ഉപരിപഠനവുമൊക്കെ കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തി കൊച്ചയിൽ താമസമാക്കി. മടങ്ങിയെത്തിയ ശേഷം തമിഴിൽ പ്രശസ്ത സംവിധായകൻ സുശീന്ദ്രന്റെ ‘ ജീനിയസ് ‘ എന്ന സിനിമയിൽ നായികയായി . മലയാളത്തിൽ ശരത്ചന്ദ്രൻ വയനാട് സംവിധാനം ചെയുന്ന ‘മയിൽ’ എന്നസിനിമയിൽ അഭിനയിച്ചു വരുന്നു . തെലുങ്കിൽ രാംഗോപാൽ വർമ്മയുടെ സഹസംവിധായകൻ മോഹൻ ബൊമ്മിഡി സംവിധാനം ചെയ്ത ‘ഗുവ ഗോരിങ്ക’ (Love Birds)യിൽ നായികയായാണ്. തെലുങ്കു യുവതാരം സത്യദേവാണ് ചിത്രത്തിൽ പ്രിയയുടെ നായകൻ .സമ്മറിന് റിലീസാകേണ്ടിയിരുന്ന പ്രിയാ ലാലിന്റെ ഈ തെലുങ്കു അരങ്ങേറ്റ സിനിമ കോവിഡ് ലോക്ക് ഡൗൺ കാരണം വൈകി. ഡിസംബർ 17ന് ആമസോൺ പ്രൈമിലൂടെ ‘ഗുവ ഗോരിങ്ക ‘ റിലീസാവുകയാണ്. അതിന്റെ ത്രില്ലിലാണ് പ്രിയ. പ്രണയ കഥയെ അവലംബമാക്കിയുള്ള ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും ആരാധകർക്കിടയിൽ വലിയ സ്വീകരണമാണ് ലഭിച്ചത്, ഇത് അണിയറ പ്രവർത്തകരിലും ആത്മ വിശ്വാസം വര്ധിച്ചിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക