ന്യൂഡൽഹി: കാർഷിക പ്രക്ഷോഭത്തിൽ പങ്കാളികളായ കർഷകർക്ക് ഐക്യദാർഢ്യം അറിയിച്ച് നടി പ്രിയങ്ക ചോപ്ര. കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ രാജ്യത്തെ കർഷകര്‍ നടത്തുന്ന പ്രതിഷേധം ദിവസങ്ങളായി തുടരുകയാണ്. ഇതിനിടെയാണ് കൂടുതൽ പേർ ഇവർക്ക് പിന്തുണയുമായെത്തുന്നത്.
ഇന്ത്യയുടെ ഭക്ഷ്യസേനയെന്ന് കർഷകരെ വിശേഷിപ്പിച്ച പ്രിയങ്ക, അവരുടെ പ്രതിസന്ധികൾ എത്രയും വേഗം പരിഹരിക്കപ്പെടണമെന്നാണ് ട്വിറ്ററിൽ കുറിച്ചത്.
കർഷകപ്രക്ഷോഭത്തിന് തുടക്കം മുതൽ പിന്തുണ പ്രഖ്യാപിച്ച ഒപ്പമുള്ള നടനും ഗായകനുമായ ദിൽജിത്ത് ദോസാഞ്ചിന്റെ ഒരു ട്വീറ്റ്, റീട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രിയങ്ക വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ‘ഇന്ത്യയുടെ ഭക്ഷ്യസേനയാണ് നമ്മുടെ കർഷകർ.
അവരുടെ ഭയങ്ങൾ ഇല്ലാതാക്കേണ്ടതുണ്ട്. അവരുടെ പ്രതീക്ഷകൾ നിറവേറ്റപ്പെടേണ്ടതുണ്ട്.വളർന്നു കൊണ്ടിരിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്’ എന്നാണ് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്.
നേരത്തെ ബോളിവുഡ് താരം സോനം കപൂറും കർഷകരെ പിന്തുണച്ചെത്തിയിരുന്നു. ‘കർഷകർ മനുഷ്യസംസ്കാരത്തിന്റെ തന്നെ അടിത്തറ’ എന്ന് ഡാനിയേൽ വെബ്സ്റ്ററിനെ ഉദ്ധരിച്ചുകൊണ്ടാണ് സോനം വിഷയത്തിൽ പ്രതികരിച്ചത്.
പ്രക്ഷോഭവേദിയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക