നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തണമെന്ന നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയില്‍. സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ഉന്നത ഉദ്യോഗസ്ഥരും കലക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ ജനുവരി ആദ്യവാരം കേരളത്തിലെത്തും.
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായുള്ള ചര്‍ച്ചകളിലാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ഡിജിപി ലോകനാഥ് ബഹ്റ, ജില്ലാ കലക്ടര്‍മാര്‍, ആരോഗ്യവകുപ്പ് അധികൃതര്‍ തുടങ്ങിയവരുമായി ഇതിനകം ചര്‍ച്ച നടത്തിക്കഴിഞ്ഞു. രണ്ടുഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശമാണ് ഈ കൂടിക്കാഴ്ചകളില്‍ ഉയര്‍ന്നത്.
കോവിഡ് വ്യാപനമുള്ളതിനാല്‍ ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ടെന്ന് ജില്ലാ കലക്ടര്‍മാര്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചിരുന്നു. രണ്ടു ഘട്ടമാക്കിയാല് സുഗമമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുമെന്ന അഭിപ്രായമാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും അറിയിച്ചതെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക