പുതുവർഷ ദിനത്തിൽ രാജ്യം കാതോർത്തിരുന്ന ശുഭവാർത്ത – കോവിഡിനെതിരെ ഇന്ത്യയിൽ ആദ്യ വാക്സീന് അംഗീകാരം നൽകാൻ വിദഗ്ധ സമിതി ശുപാർശ നൽകി. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച്, പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന ‘കോവിഷീൽഡ്’ വാക്സീൻ ദിവസങ്ങൾക്കുള്ളിൽ കുത്തിവയ്പു തുടങ്ങും.
ഇന്നു നടക്കുന്ന വാക്സീൻ വിതരണ റിഹേഴ്സൽ (ഡ്രൈ റൺ) പൂർണവിജയമായാൽ കുത്തിവയ്പ് ബുധനാഴ്ച ആരംഭിക്കുമെന്നാണു സൂചന. 5 കോടിയോളം ഡോസ് വാക്സീൻ ഇതിനകം നിർമിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സീനായ കോവാക്സീന്റെ അപേക്ഷയും ഇന്നലെ വിദഗ്ധ സമിതി പരിഗണിച്ചെങ്കിലും അംഗീകാരം നൽകിയില്ല. ഒരു ഡസൻ രാജ്യങ്ങളിൽ വിതരണം തുടങ്ങിയ ഫൈസർ വാക്സീൻ ഇന്ത്യയിൽ അനുമതി തേടി അപേക്ഷ നൽകിയെങ്കിലും കടമ്പകൾ ബാക്കിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക