മുംബൈ: ഭീമ-കൊറേഗാവ് കേസില്‍ തെലുഗു കവി വരവര റാവുവിെന്റ ഇടക്കാല ജാമ്യ വ്യവസ്ഥയില്‍ ബോംബെ ഹൈകോടതി താല്‍ക്കാലിക ഇളവ് നല്കി.
രണ്ട് ആള്ജാമ്യത്തിന് പകരം തല്ക്കാലം 50,000 രൂപ കെട്ടിവെച്ച് ജാമ്യത്തിലിറങ്ങാന്‍ വരവര റാവുവിന് ജസ്റ്റിസുമാരായ എസ്.എസ് ഷിന്‍ഡെ, മനീഷ് പിതാലെ എന്നിവരുടെ ബെഞ്ച് അനുമതി നല്കി.
മാര്‍ച്ച് അഞ്ചിനകം ആള് ജാമ്യത്തിന് ആളെ കണ്ടെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ, നാനാവതി ആശുപത്രിയില്‍ കഴിയുന്ന റാവുവിന് ഇന്ന് പുറത്തിറങ്ങാനായേക്കും.
കഴിഞ്ഞ 22നാണ് ആരോഗ്യവും പ്രായാധിക്യവും പരിഗണിച്ച് ഹൈകോടതി റാവുവിന് ആറു മാസത്തെ ഇടക്കാല ജാമ്യം നല്‍കിയത്. ജാമ്യ വ്യവസ്ഥകളില്‍ സ്വന്തമായി 50,000 രൂപ കെട്ടിവെക്കുന്നതിനൊപ്പം ഇതേ തുകയില്‍ രണ്ട് ആള് ജാമ്യവും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, കോവിഡ് കാരണം ആള്ജാമ്യത്തിന് ആളെ കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇളവ് തേടി റാവു വീണ്ടും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
യു.എ.പി.എ നിയമ പ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തി 2018ല്‍ അറസ്റ്റിലായത് മുതല്‍ വരവര റാവു ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക