ബാഹുബലി സംവിധായകൻ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആര്‍ആര്‍ആര്‍’ പുതിയ അപ്ഡേറ്റുമായി അണിയറപ്രവർത്തകർ. ചിത്രത്തിൽ ആലിയ ഭട്ട് അവതരിപ്പിക്കുന്ന സീത എന്ന കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്റർ പുറത്ത് വിടാൻ തയ്യാറെടുക്കുകയാണ് എന്ന് അണിയറപ്രവർത്തകർ ട്വിറ്ററിലൂടെ അറിയിച്ചു. മാർച്ച് 15നാണ് ആലിയയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുക.
രാജമൗലി ചിത്രങ്ങളുടെ ആരാധകരും സിനിമാപ്രേമികളുമെല്ലാം അത്യന്തം ആവേശത്തിലാണ് റിലീസിനായി കാത്തിരിക്കുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ആരാധകർ ട്വിറ്ററിലൂടെ ഇതിനോടകം വ്യക്തമാക്കിയിട്ടുമുണ്ട്.
‘ആർആർആർ’ ഒക്ടോബർ 13ന് 2021 ദസറ റിലീസായി തീയേറ്ററുകളിലേക്കെത്താൻ തയ്യാറെടുക്കുകയാണ്. ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറും രാം ചരണുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 450 കോടി മുതൽ മുടക്കിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഡിവിവി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡി.വി.വി ധനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ ബോളിവുഡ് താരമായ അജയ് ദേവ്ഗണും മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുമുണ്ട്. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജർ ജോൺസ്, തമിഴ് നടൻ സമുദ്രക്കനി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്.
‘ആർആർആർ’ എന്നതിന്റെ പൂർണ്ണ രൂപം രൗദ്രം രണം രുദിരം എന്നതാണ്. എം.എം.കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീതം ഒരുക്കുന്നത്. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസിന് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക