ബോളിവുഡ് താരം റിയ ചക്രബര്‍ത്തിയുടെ പേര് ‘ഛെഹരെ’ എന്ന ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ വിശദീകരണവുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് ആനന്ദ് പണ്ഡിറ്റ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെ റിയെ സംരക്ഷിക്കുന്നതിനാണ് തങ്ങള്‍ ട്രെയ്ലര് ലോഞ്ചില്‍ നിന്നും താരത്തെ ഒഴിവാക്കിയതെന്നാണ് നിര്‍മ്മാതാവ് അറിയിച്ചത്.
ഈ വര്‍ഷം ആരംഭത്തില്‍ ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് ചെയ്തപ്പോള്‍ റിയയുടെ പേര് ഇല്ലാത്തത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. വിവാദങ്ങളും, കേസുകളും ചിത്രത്തെ ബാധിക്കുമെന്ന് കരുതിയല്ല തങ്ങള്‍ റിയയുടെ പേര് മാറ്റിയതെന്നും നിര്‍മ്മാതാവ് പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും തിരച്ചടി ഉണ്ടായാലോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. റിയ്ക്ക് വേണ്ട സമയം കൊടുക്കുകയാണ് ഞാന്‍ ചെയ്തത്. ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കഴിഞ്ഞ ഒരു വര്‍ഷം റിയ കടന്ന് പോയത്.
ട്രെയ്ലറില് അവരുടെ പേര് ചേര്‍ത്ത് വീണ്ടും ആ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്നാല്‍ റിയിയില് നിന്ന് സമ്മതം ലഭിക്കുന്ന നിമിഷം മുതല്‍ പ്രമോഷനില്‍ അവളുടെ ചിത്രങ്ങളും, വിഡിയോകളും ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ഞാന്‍ റിയയോട് പറഞ്ഞിരുന്നു.’
റൂമി ജഫ്രി സംവിധാനം ചെയ്യുന്ന ഛെഹരെ എന്ന ചിത്രത്തില്‍ ഇമ്രാന് ഹഷ്മി, അമിതാബ് ബച്ചന് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ഈ ത്രില്ലര്‍ ചിത്രത്തിലൂടെ വീണ്ടും സിനിമ അഭിനയത്തിലേക്ക് മടങ്ങി വരാനിരിക്കുകയാണ് റിയ ചക്രബര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക