ഡ്രസിംഗ് റൂമിന് പുറത്ത് നിന്നുയരുന്ന അഭിപ്രായങ്ങള്‍ തന്നെ സംബന്ധിച്ച് അസംബന്ധമാണെന്ന ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
വിമര്‍ശനങ്ങളെ മുന്‍ നായകന് എം.എസ് ധോണി നേരിട്ടത് പോലെ ശാന്തമായും, പക്വതയോടെയും അംഗീകരിക്കാന്‍ കോഹ്ലി പഠിക്കണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
‘പബ്ലിക് പെര്ഫോമന്സിനെതിരെയുള്ള പബ്ലിക് പ്രതികരണങ്ങള്‍ എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ കോഹ്ലി മനസ്സ് കാണിക്കണം. കോഹ്ലി അസംബന്ധം എന്ന് വിശേഷിപ്പിച്ചത് പബ്ലിക് പെര്‍ഫോമന്‍സിന് നേരെയുള്ള അഭിപ്രായങ്ങളെയാണ്.
നിങ്ങള്‍ നന്നായി കളിക്കുമ്പോള്‍ പ്രശംസിക്കും, അല്ലാത്തപ്പോള്‍ വിമര്‍ശിക്കും. ഈ യാഥാര്‍ത്ഥ്യത്തെ സമാധാനത്തോടേയും പക്വതയോടേയും അംഗീകരിക്കാന്‍ ധോണിയെ പോലെ കോഹ്ലിക്കും കഴിയണം’ മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.
കെ.എല്‍ രാഹുലിന്റെ ഫോമില്ലായ്മയെ കുറിച്ച് ചോദ്യം വന്നപ്പോഴാണ് ഡ്രസിംഗ് റൂമിന് പുറത്ത് നിന്നുയരുന്ന അഭിപ്രായങ്ങള്‍ തന്നെ സംബന്ധിച്ച് അസംബന്ധമാണെന്ന് കോഹ്ലി പറഞ്ഞത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് മുന്‍പ് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു കോഹ്ലിയുടെ പ്രതികരണം. മോശം ഫോമിലായിരുന്നിട്ടും മികച്ച കളിക്കാരെ പുറത്തിരുത്തി ടി20 പരമ്പരയിലെ നാല് മത്സരങ്ങളില്‍ രാഹുലിന് അവസരം നല്‍കിയത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക