ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ കുറുപ്പിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പോസ്റ്റര്‍ മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. അതിനാല്‍ തന്നെ കുറുപ്പിന്റെ ടീസറിന് വേണ്ടി ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്.
ദുല്‍ഖറിന്റെ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കുറുപ്പെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. തിയറ്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതിനാല്‍ ഇനി ചിത്രത്തിന്റെ റിലീസ് തീയതിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന് ആണ് സിനിമ സംവിധാനം ചെയ്യുന്നത് . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടൈന്മെന്റ്സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്.
സംസ്ഥാനത്തെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘കുറുപ്പ്’ ഒരുങ്ങുന്നത്. ജിതിന് കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന് ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
മൂത്തോന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, പി ബാലചന്ദ്രന്, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക