നടി നിമിഷ സജയനെ അഭിനയത്തിന്റെ പവര്‍ഹൗസ് എന്ന് വിളിച്ച് വിനയ് ഫോര്‍ട്ട്. പുതിയ ചിത്രമായ മാലിക്കില്‍ നിന്നുള്ള ഇരുവരുടെയും ചിത്രം പങ്കുവെച്ചായിരുന്നു വിനയ് ഫോര്‍ട്ട് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. ‘മാലിക്കിന്റെ’ ട്രെയ്ലര് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. നിലവില്‍ 1.5 മില്യണ്‍ കാഴ്ച്ചക്കാരാണ് ട്രെയ്ലറിനുള്ളത്. അതിന് പ്രേക്ഷകര്‍ക്ക് വിനയ് ഫോര്‍ട്ട് നന്ദി അറിയിക്കുകയും ചെയ്തു.
ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിന്റെ അനുജത്തിയാണ് നിമിഷ സജയന്. റോസ്ലീന്‍ എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്. മാലിക്കില്‍ ഫഹദിന്റെ ഭാര്യയുടെ വേഷമാണ് നിമിഷ സജയന് ചെയ്യുന്നത്.
ഇതുവരെ മലയാളത്തില്‍ കാണാത്ത രീതിയിലുള്ള ഒരു സിനിമയാണ് മാലിക് എന്നാണ് ട്രെയ്ലറില് നിന്ന് മനസിലാവുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്.
മഹേഷ് നാരായാണന് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ 2019 സെപ്റ്റംബറിലാണ് ആരംഭിച്ചത്. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്. പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രം മെയ് 13നാണ് റിലീസ് ചെയ്യുന്നത്. തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് ചിത്രം പറയുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ജോജു ജോര്‍ജ്, മാലാ പാര്‍വ്വതി, സലീം കുമാര്‍, ദിവ്യ പ്രഭ, ശരത്ത് കുമാര്‍, സുധി കോപ്പ, ജലജ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സാനു വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുഷിന് ശ്യാം സംഗീത സംവിധാനം നിര്‍വ്വഹിക്കും. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക