ഇസ്രായേൽ പാലസ്തീൻ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സിനിമയിൽ അഭിനയിച്ചതിന് ഇസ്രായേലിൽ നിന്നുള്ള നടിയുടെ മൂക്ക് ഇസ്ലാം തീവ്രവാദികൾ മുറിച്ചു എന്ന തരത്തിൽ ഒരു യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട് .
എന്നാൽ ആന്റി ഫേക്ക് ന്യൂസ് വാർ റൂം നടത്തിയ അന്വേഷണത്തിൽ ചിത്രത്തോടൊപ്പമുള്ള വാദം തെറ്റാണെന്ന് തെളിഞ്ഞു. ഈ ചിത്രം അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതാണ്. മാത്രമല്ല, ചിത്രത്തിൽ കാണുന്ന യുവതി സിനിമാതാരമല്ല. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മൂക്കറുക്കപ്പെട്ട സിനിമാതാരം എന്ന അടിക്കുറിപ്പോടുകൂടിയും ഈ ചിത്രം പ്രചാരത്തിലുണ്ട്.
ഈ ചിത്രം ഗൂഗിളിൽ റിവേഴ്സ് തിരച്ചിൽ നടത്തിയപ്പോൾ ഇതേ ചിത്രം 2010-ൽ പ്രസിദ്ധീകരിച്ച ടൈം മാഗസിന്റെ മുഖചിത്രത്തിൽ കാണാൻ സാധിച്ചു. ടൈം റിപ്പോർട്ട് പ്രകാരം ആയിഷ എന്ന അഫ്ഗാൻ യുവതിയുടേതാണ് ഈ ചിത്രം.
ഭർത്താവിന്റെ വീട്ടിൽനിന്നും രക്ഷപ്പെടാൻ ശ്രമിച്ച 18-കാരിയായിരുന്ന ആയിഷയുടെ മൂക്കും ചെവികളും താലിബാൻ കമാൻഡർ അവളുടെ ഭർത്താവിന്റെ സഹായത്തോടെ മുറിച്ചുമാറ്റുകയായിരുന്നു.
ആയിഷക്ക് 14 വയസുള്ളപ്പോഴായിരുന്നു വിവാഹം. കുടുംബത്തിന്റെ കടം തീർക്കാൻ അവളുടെ അച്ഛൻ ഒരു താലിബാൻ പോരാളിയുമായി അവളുടെ വിവാഹം നടത്തുകയായിരുന്നു.
വിവാഹശേഷം ഭർത്താവിന്റെ വീട്ടുകാർ അവളെ നിരന്തരം അടിക്കുകയും അടിമപ്പണി ചെയ്യാനും കാലിത്തൊഴുത്തിൽ ഉറങ്ങാനും നിർബന്ധിക്കുകയും ചെയ്തു. പീഡനം അസഹനീയമായപ്പോൾ ആയിഷ വീട്ടിൽനിന്ന് ഓടിപ്പോകാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ നിർഭാഗ്യവശാൽ അവളെ പോലീസ് പിടികൂടി ജയിലിൽ അടച്ചു. പിന്നീട് പോലീസ് ആയിഷയെ അച്ഛന് വിട്ടുനൽകുകയും അച്ഛൻ അവളെ വീണ്ടും ഭർത്താവിന്റെ വീട്ടിൽ എത്തിക്കുകയും ചെയ്തു.
വീട്ടിൽ നിന്ന് ഓടിപ്പോകാൻ ശ്രമിച്ചതിന്റെ ശിക്ഷയായി ഒരുദിവസം ഭര്‍ത്താവിന്റെ വീട്ടുകാർ ആയിഷയെ മലമുകളിൽ കെട്ടിയിട്ട് ചെവികളും മൂക്കും അറുക്കുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം ആയിഷ പിന്നീട് അമേരിക്കന്‍ സൈന്യത്തിന്റെ മെഡിക്കല്‍ ക്യാമ്പില്‍ എത്തുകയും അവിടെ അവള്‍ക്ക് ചികിത്സ ലഭിക്കുകയും ചെയ്തു .മൂന്നുവർഷത്തെ ചികിത്സക്ക് ശേഷം അമേരിക്കയിൽ വെച്ച് ആയിഷക്ക് കൃത്രിമ മൂക്ക് പിടിപ്പിച്ചിരുന്നു.
സൗത്ത് ആഫ്രിക്കൻ ഫോട്ടോജേർണലിസ്റ്റായ ജോഡി ബിഎബെർ എടുത്ത ഈ ചിത്രം 2010-ൽ മികച്ച ഫോട്ടോഗ്രാഫിക്കുള്ള വേൾഡ് പ്രസ്സ് ഫോട്ടോ അവാർഡ് നേടിയിരുന്നു.
അതിനാൽ പ്രചാരത്തിലുള്ള വാദം തെറ്റാണെന്നും ചിത്രത്തിൽ കാണുന്ന യുവതി ഇസ്രായേലിൽ നിന്നുള്ള സിനിമാനടി അല്ലെന്നും വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക