കോട്ടയം: മണിമല പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ വില്ലേജ് ഓഫീസറെ കാണാതായി. ചങ്ങനാശേരി താലൂക്കിലെ സ്പെഷല്‍ വില്ലേജ് ഓഫീസര്‍ പത്തനാട് ഇടയപ്പാറ സ്വദേശി എന്‍.പ്രകാശാണ് വെള്ളത്തിലേക്ക് ചാടിയത്. ഇയാള്‍ക്കായി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.
വീട്ടില്‍ നിന്നും ഓഫീസിലേക്ക് രാവിലെ ഇറങ്ങിയാളാണ് പാലത്തില്‍ നിന്നും ചാടിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിലോ ഓഫീസിലോ പ്രശ്നങ്ങളൊന്നുമില്ലെന്നും പോലീസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ബാഗും ചെരുപ്പും പാലത്തിന് സമീപം വച്ചതിനുശേഷമാണ് ഇയാള്‍ ആറ്റിലേക്ക് ചാടിയത്. ബാഗില്‍ നിന്നും കിട്ടിയ ഐഡി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.
വില്ലേജ് ഓഫീസര്‍ ചാടുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളി പിന്നാലെ ചാടി നീന്തി ഇയാളെ പിടിച്ചെങ്കിലും ശക്തമായ ഒഴുക്കുമൂലം കരയ്ക്കെത്തിക്കാന്‍ കഴിഞ്ഞില്ല. അന്യസംസ്ഥാന തൊഴിലാളി പിന്നീട് നീന്തി രക്ഷപെട്ടു. ആസാം സ്വദേശി യാനിസാണ് പിന്നാലെ ആറ്റിലേക്ക് ചാടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക