ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾക്കും ശാരീരിക പ്രയാസങ്ങൾ മൂലം വീടിനുള്ളിൽ തുടർന്ന് അധ്യാപകരുടെ സഹായത്തോടെ വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കുമാണ് ഭക്ഷ്യ ഭദ്രതാ അലവൻസ് ഭക്ഷ്യ കിറ്റുകളായി വിതരണം ചെയ്യുക. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ സ്കൂൾ കുട്ടികൾക്കും സപ്ലൈകോയുടെ സഹകരണത്തോടെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതിന് പുറമേയാണിത്.
സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ അർഹതാപട്ടികയിൽ ഉൾപ്പെട്ടിരുന്നത്. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന ബഡ്സ്, സ്പെഷ്യൽ വിദ്യാലയങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ, കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. സർക്കാർ, എയ്ഡഡ് മേഖലകളിലായി 43 സ്കൂളുകളാണ് ഈ വിഭാഗത്തിൽ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക