ഇന്നത്തെ കുഞ്ഞുങ്ങൾ നാളത്തെ നാടിന്റെ വാഗ്ദാനമാണ് അതുകൊണ്ട് അവരുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അവരുടെ വളർച്ചയുടെ ഓരോ ഘട്ടവും പ്രധാനം തന്നെയാണ്. ഇതിനാൽ തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ വേണം.
വളരുന്ന പ്രായത്തിൽ പൂർണമായ വളർച്ച നേടാൻ കഴിയാതെ വന്നാൽ വളർച്ച മുരടിച്ച കുട്ടികളാകും ഫലം. പെൺകുട്ടികളുടെ കാര്യത്തിൽ ഇത്തരം ആരോഗ്യക്കുറവ് വരും തലമുറയെ വരെ ബാധിയ്ക്കുമെന്നു പറയാം. കുട്ടികളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് പോഷകസമൃദ്ധമായ ഭക്ഷണമാണ് എന്നത് നമുക്കെല്ലാം അറിയുന്ന ഒന്നാണ്.
കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും നൽകേണ്ട വൈറ്റമിനുകളും ഭക്ഷണങ്ങളുമുണ്ട്.
ആറുമാസം വരെയും കുഞ്ഞിന് മുലപ്പാൽ തന്നെയാണ് നല്ല ഭക്ഷണം. ആറു മാസം മുതൽ റാഗി, കായ, സൂചിഗോതമ്പ് എന്നിവയെല്ലാം തന്നെ പൊടിച്ച് കുറുക്കി നൽകാം. ഇത് മാറി മാറി നൽകാം. ഇതിൽ കൽക്കണ്ടം, ശർക്കര, കരുപ്പെട്ടി ശർക്കര എന്നിവ ചേർത്ത് കുറുക്കാം.
ആറാം മാസം മുതൽ ചോറും പച്ചക്കറികളും ചേർത്തു നൽകാം. ഏഴാം മാസം മുതൽ പരിപ്പ്, പയർ, കടല, തൈര് എന്നിവ നൽകാം. എട്ടാംമാസം മുട്ടയുടെ മഞ്ഞക്കുരു നൽകാം. മീൻ നൽകാം. ഒൻപതാം മാസം ഇറച്ചി നൽകാം. 10 മാസത്തിൽ കുട്ടികളെത്തുമ്ബോൾ ഒരു മുട്ട മുഴുവനായും നൽകാം.
ഒരു വയസാകുമ്പോഴേക്കും വീട്ടിലുണ്ടാക്കുന്ന എല്ലാതരം ഭക്ഷണങ്ങളും അവർക്ക് നൽകി തുടങ്ങാം. ദിവസവും ആറു തവണയെങ്കിലും ഭക്ഷണം നൽകുക. പ്രാതൽ, ഉച്ച ഭക്ഷണം, ഇടനേരം, വൈകീട്ട്, രാത്രി എന്നിങ്ങനെ നൽകാം. പച്ചക്കറിയും ഇലക്കറിയും വേണം. ആഴ്ചയിൽ രണ്ടു ദിവസം നോൺ വെജ് നൽകാം.
അതു പോലെ കുട്ടികൾക്ക് പൊണ്ണത്തടി വരാതെ സൂക്ഷിക്കുക. ഇതിനായി അവരുടെ ഭക്ഷണത്തിലും വ്യായാമത്തിലുമെല്ലാം ശ്രദ്ധ വേണം. ഇതല്ലെങ്കിൽ കുട്ടികളിൽ പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. കുട്ടികൾക്ക് അര മണിക്കൂർ-1 മണിക്കൂർ വ്യായാമം പ്രധാനമാണ്. പ്രത്യേകിച്ചും പെൺകുട്ടികൾക്ക് വയർ ചാടുന്നത് പല ഹോർമോൺ പ്രശ്നങ്ങൾക്കും കാരണമാകും.
ഇത് പല ലക്ഷണങ്ങളായി വരാം. പോളിസിസ്റ്റിക് ഓവറി പോലുളള പ്രശ്നങ്ങൾ വരാം. കുട്ടികൾക്ക് ഇപ്പോഴത്തെ ജങ്ക് ഫുഡ് നൽകാതെയിരിയ്ക്കുക. പകരം അവർക്ക് നല്ല പോഷകാഹാരം നൽകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക