രാജ്യത്തെ ഏതൊരു പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ. ഇന്ത്യൻ പൗരൻറെ തിരിച്ചറിയൽ രേഖയായി കണക്കാക്കപ്പെടുന്ന ആധാർ ബാങ്ക് ഇടപാടുകൾക്കും സർക്കാർ പദ്ധതികളുടെ പ്രയോജനം നേടുന്നതിനും ഏറ്റവും അത്യാവശ്യമാണ്.
വ്യക്തിയുടെ പേര്, ജനന തിയതി, ലിംഗം, മേൽവിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും രേഖപ്പെടുത്തിയാണ് ആധാർ നിർമ്മിക്കുന്നത്. കൂടാതെ, ബയോമെട്രിക് വിവരങ്ങളായി കണ്ണിലെ കൃഷ്ണമണികളുടേയും കൈ വിരൽ രേഖകളുമാണ് ശേഖരിക്കുന്നത്.
എന്നാൽ, സാഹചര്യങ്ങൾക്കനുസരിച്ച് ആധാർ കാർഡിൽ നൽകിയിരിയ്ക്കുന്ന അടിസ്ഥാന വിവരങ്ങൾ മാറ്റുവാൻ സാധിക്കും. ഉദാഹരണമായി, വിവാഹം കഴിഞ്ഞുള്ള പേര് മാറ്റം. വിവാഹത്തിന് ശേഷം തങ്ങളുടെ പേരിൽ മാറ്റം വരുത്തിയവർക്ക് ആ മാറ്റം അധാറിലും ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ പേര് മാറ്റുന്നത് താരതമ്യേന എളുപ്പമുള്ള പ്രക്രിയയാണ്. ഓൺ ലൈനായും ഓഫ് ലൈനായും ഇത് ചെയ്യുവാൻ കഴിയും.
ഓൺലൈനായി പേര് മാറ്റുന്നതിനായി ആധാർ നമ്പർ ഉപയോഗിച്ച് സെൽഫ് സർവീസ് അപ്ഡേറ്റ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക. ശേഷം പേര് മാറ്റുവാനുള്ള അപേക്ഷ നൽകാം. ഇതിനായി നിങ്ങൾ സ്വയം അറ്റസ്റ്റ് ചെയ്ത രേഖകളുടെ സ്കാൻ ചെയ്ത കോപ്പി അപ് ലോഡ് ചെയ്യാം. നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് ഒടിപി ( OTP) വരികയും അതുപയോഗിച്ച് മാറ്റം അംഗീകൃതമാക്കുകയും ചെയ്യാം. ഈ പ്രക്രിയകൾ പൂർത്തിയാക്കുന്നതിനായി ഫീസുകളൊന്നും നൽകേണ്ടതില്ല.ഓഫ്ലൈനായി ആധാറിലെ പേര് മാറ്റുന്നതിന് അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്ററിനെയാണ് സമീപിക്കേണ്ടത്. എല്ലാ രേഖകളുടെയും ഒറിജിനൽ കരുതിയിരിയ്ക്കണം. സ്കാൻ ചെയ്ത് രേഖകൾ അപ്ലോഡ് ചെയ്ത് പേര് മാറ്റുന്നതായിരിയ്ക്കും. ഓഫ്ലൈൻ രീതിയിൽ പേര് മാറ്റുന്നതിന് 50 രൂപയാണ് ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക