കോട്ടയം: റേസിങ് നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി മൂന്നുപേർ മരിച്ചു. പോത്തോട് അമൃതശ്രീ വീട്ടിൽ മുരുകൻ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡിൽ കാർത്തിക ജൂവലറി ഉടമ പുഴവാത് കാർത്തികഭവനിൽ സേതുനാഥ് നടേശൻ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടിൽ പി എസ് ശരത് (18) എന്നിവരാണ് മരിച്ചത്. ബൈപ്പാസ് റോഡിൽ ബുധനാഴ്ച രാത്രി ആറരയോടെയായിരുന്നു അപകടം.
മുരുകൻ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയുംകൂട്ടി കോട്ടയത്തേക്കുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇവർ കച്ചവടാവശ്യത്തിനായാണ് പോയത്. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിലേക്ക്, റേസിങ് നടത്തുകയായിരുന്ന ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.
രണ്ടുപേർ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയിലും മരിച്ചു. റേസിങ്ങിനെത്തിയ മറ്റൊരു ബൈക്ക് അപകടം നടന്നയുടനെ നിർത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങൾ ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക