ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിലെ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ താരങ്ങളായ യുസ്വേന്ദ്ര ചഹലിനും കൃഷ്ണപ്പ ഗൗതമിനുമാണ് രോഗബാധ സ്ഥിരീകരിച്ചരിക്കുന്നത്.
ശ്രീലങ്കക്കെതിരെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇരുവരും കളിച്ചിരുന്നു. എന്നാൽ പിന്നീട് ക്രുനാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഇരുവരും രണ്ടാമത്തെയും മൂന്നാമത്തെയും ടി20യിൽ കളിച്ചിരുന്നില്ല.
ക്രുനാലിന്റെ സമ്പർക്കപ്പട്ടികയിൽ ആയിരുന്നതിനാൽ ഇവരെ നേരത്തെ തന്നെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. ശ്രീലങ്കയിൽ നിർബന്ധിത ക്വാറന്റീൻ ഉള്ളതിനാൽ ഇന്ന് ലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് തിരിക്കുന്ന ഇന്ത്യൻ സംഘത്തിനൊപ്പം ഇരുവരും മടങ്ങില്ല. ക്വാറന്റീൻ കാലാവധി തീരുന്നതിന് അനുസരിച്ചായിരിക്കും ലങ്കയിൽ നിന്നുള്ള ഇവരുടെ മടക്കം.
ക്രുനാലിന് പോസിറ്റീവ് ആയെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ചഹലിന്റെയും ഗൗതമിന്റെയും രോഗവിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്.
കോവിഡ് പ്രതിസന്ധിയുള്ളതിനാൽ വിമാനത്തിൽ കയറുന്നതിന് മുൻപ് ഓരോ യാത്രക്കാരും കോവിഡ് പരിശോധനക്ക് വിധേയമാകണമെന്ന നിബന്ധനയുള്ളതിനാൽ വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ചഹലും ഗൗതമും പോസിറ്റീവ് ആയതെന്ന് ബിസിസിഐ ഒഫിഷ്യൽ പിടിഐയോട് വെളിപ്പെടുത്തി.
നേരത്തെ ക്രുനാൽ പാണ്ഡ്യയുടെ സമ്ബർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് നേരത്തെ ഐസൊലേഷനിൽ ആയിരുന്ന ഇന്ത്യയുടെ ആറ് താരങ്ങൾക്ക് – ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, പൃഥ്വി ഷാ, ദീപക് ചാഹർ, മനീഷ് പാണ്ഡെ, ഇഷാൻ കിഷൻ എന്നിവർക്ക് ലങ്കയിൽ നിന്ന് തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക