മിക്കവാറും എല്ലാ ഭക്ഷണസാധനങ്ങളും നാം പാകം ചെയ്താണ് കഴിക്കുന്നത്. എങ്കിലും ചില പച്ചക്കറികളും പയറു വർഗങ്ങളും മറ്റും നാം പാകം ചെയ്യാതെ കഴിക്കാറുണ്ട്.
പച്ചയ്ക്ക് അരിഞ്ഞോ, സലാഡോ ജ്യൂസോ തയ്യാറാക്കിയോ, മുളപ്പിച്ചോ എല്ലാമാണ് ഇവ കഴിക്കുന്നത്. ഇങ്ങനെ പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷണസാധനങ്ങൾക്ക് വലിയ ആരോഗ്യഗുണങ്ങളുണ്ടെന്നും നമുക്കറിയാം. പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കേണ്ട അഞ്ച് ഭക്ഷണസാധനങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
എല്ലാ വീടുകളിലും അടുക്കളയിൽ തീർച്ചയായും കാണപ്പെടുന്ന ഒരു പ്രധാന ചേരുവയാണ് ഉള്ളി. രലമിക്കവാറും കറികളിലെ ഒരു ചേരുവയായിട്ടാണ് നാം ഉള്ളി ഉപയോഗിക്കുന്നത്.
എന്നാൽ ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ നഷ്ടപ്പെടാതിരിക്കാൻ പരമാവധി ഇത് പാകം ചെയ്യാതെ കഴിക്കുന്നതാണ് നല്ലത്. കരൾ, ഹൃദയം എന്നിവയുടെ ആരോഗ്യത്തിനും അതുപോലെ ബിപി നിയന്ത്രിച്ചുനിർത്താനുമെല്ലാം ഉള്ളി ഏറെ സഹായകമാണ്. പലവിധ അണുബാധകളെ ചെറുക്കാനും ഉള്ളി ശരീരത്തെ സഹായിക്കുന്നുണ്ട്.
രണ്ട്…
ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇതും കാര്യമായി പാകം ചെയ്യാതെ സലാഡ് ആയോ, സൂപ്പിൽ ചേർത്തോ എല്ലാം കഴിക്കുന്നതാണ് നല്ലത്. വൈറ്റമിൻ- സി, കാത്സ്യം, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങി പല അവശ്യഘടകങ്ങളുടെയും കലവറയാണ് ബ്രൊക്കോളി.
ഇതിന് പുറമെ ബിപി നിയന്ത്രണത്തിലാക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ക്യാൻസർ സാധ്യത കുറയ്ക്കാനുമെല്ലാം ഇതിന് കഴിവുണ്ട്.
മൂന്ന്…
വൈറ്റമിൻ, കാത്സ്യം, അയേൺ, പൊട്ടാസ്യം, പ്രോട്ടീൻ എന്നിങ്ങനെ സുപ്രധാനമായ പല അവശ്യഘടകങ്ങളും അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇവയ്ക്ക് പുറമെ ധാരാളം ഫൈബറും ഫോളേറ്റും ബീറ്റ്റൂട്ടിലടങ്ങിയിരിക്കുന്നു. ഇതും പരമാവധി ഫ്രഷ് ആയി കഴിക്കുന്നത് തന്നെയാണ് നല്ലത്.
നാല്…
ഉള്ളിയെ കുറിച്ച് പറഞ്ഞതുപോലെ തന്നെ മിക്ക അടുക്കളകളിലെയും മറ്റൊരു പ്രധാന ചേരുവയാണ് തക്കാളി. ഇതും പച്ചയ്ക്ക് ഉപയോഗിക്കുന്നതിലൂടെ പല ഗുണങ്ങൾ ശരീരത്തിന് നേടാവുന്നതാണ്. തക്കാളിയിലടങ്ങിയിരിക്കുന്ന ‘ലൈസോപീൻ’ അതുപോലെ മറ്റ് ആന്റി-ഓക്സിഡന്റുകൾ കൊളസ്ട്രോൾ കുറയ്ക്കാനും വണ്ണം കുറയ്ക്കാനുമെല്ലാം സഹായകമാണ്. പ്രതിരോധ വ്യവസ്ഥയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും തക്കാളി സഹായകമാണ്. ചർമ്മത്തിനേൽക്കുന്ന കേടുപാടുകൾ തീർക്കുന്നതിനും തക്കാളി ഉത്തമമാണ്.
അഞ്ച്…
ഏറ്റവും ആരോഗ്യകരമായ ‘സ്നാക്സ്’ ആണ് നട്ട്സ്. ദിവസവും മിതമായ അളവിൽ നട്ട്സ് കഴിക്കുന്നവരിൽ പല ആരോഗ്യപ്രശ്നങ്ങളും കാണാനാകില്ല. പരമാവധി റോസ്റ്റഡ് നട്ട്സ് ഒഴിവാക്കി, നട്ട്സ് ‘റോ’ ആയി തന്നെ കഴിക്കുന്നതാണ് നല്ലത്. നട്ട്സ് പാകം ചെയ്യുമ്പോൾ അതിലടങ്ങിയിരിക്കുന്ന അയേൺ, മഗ്നീഷ്യം പോലുള്ള ഘടകങ്ങളിലെല്ലാം നഷ്ടം സംഭവിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക