കണ്ണൂർ: നനവ് പദ്ധതിയെ നാടിന്റെ ഭാവി തീരുമാനിക്കുന്ന ഏറ്റവും വലിയ ചുമതലയായി ഏറ്റെടുക്കണമെന്ന് എക്സ്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ജലസംരക്ഷണ പദ്ധതിയായ നനവിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഭാവിയിൽ നമ്മൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുടിവെള്ള ക്ഷാമം അതിനെ നേരിടാൻ ഇത്തരത്തിലുള്ള പദ്ധതികൾ നാടിനാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. നേരത്തെ നെൽവയലുകൾ ആയിരുന്നു ജലസംഭരണികളായി ഉണ്ടായിരുന്നത്. അനിയന്ത്രിതമായി നെൽവയലുകൾ നികത്തിയതോടെ ജലക്ഷാമം രൂക്ഷമായി തുടങ്ങിയത്. നെൽവയലുകൾ നികത്തില്ല എന്ന് നമ്മൾ തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു
പാനൂർ ബ്ലോക്ക് പഞ്ചായത്തിനെ അടുത്ത മൂന്ന് വർഷത്തിനകം സമ്പൂർണ്ണ ജലസംരക്ഷണ ബ്ലോക്കായി മാറ്റുകയാണ് നനവ് പദ്ധതിയുടെലക്ഷ്യം.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെയും ഹരിത കേരള മിഷന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമിയുടെ ജലനിരപ്പ് അനുദിനം താഴ്ന്ന്ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭൂഗർഭ ജല നിരപ്പ് ഉയർത്തുക എന്നതാണ് ലക്ഷ്യം.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചൊക്ലി ,കതിരൂർ മൊകേരി, പന്ന്യന്നൂർ, പഞ്ചായത്തുകളിൽ ഭൂഗർഭ ജലം അനിയന്ത്രിതമായി താഴ്ന്നു പോകുന്ന സാഹചര്യത്തിലാണ് നനവ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഓരോ പ്രദേശത്തെയും ജല സാന്നിധ്യത്തെക്കുറിച്ച് വിദഗ്ധരുടെ സഹായത്തോടെ സർവ്വേ നടത്തി. ഭൂഗർഭ ജലം കുറയുന്ന സ്ഥലങ്ങളിൽ കിണർ റീചാർജിങ്, മഴക്കുഴി നിർമ്മാണം, വിവിധ തരം തടയണ നിർമ്മാണം, പരമ്പരാഗത ജല സ്രോതസുകളുടെ സംരക്ഷണം തുടങ്ങിയവയാണ് അടുത്ത ഘട്ടത്തിൽ ചെയ്യുക.
പാനൂർ ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എ എൻ ഷംസീർ എം എൽ എ അധ്യക്ഷനായി. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ കെ പി lമോഹനൻ എം എൽ എ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരായ പി വത്സൻ, പി പി സനിൽ, സി കെ രമ്യ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഇ വിജയൻ മാസ്റ്റർ, മുഹമ്മദ് അഫ്സൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി വി സുഭാഷ്, ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ ടൈനി സൂസൻ ജോൺ, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക