Home KERALA 25 വർഷം മുൻപ് കടത്തിണ്ണയിൽ ഉറുമ്പരിച്ച ചോര കുഞ്ഞിനെ കാണാൻ സുരേഷ് ഗോപി എത്തി

25 വർഷം മുൻപ് കടത്തിണ്ണയിൽ ഉറുമ്പരിച്ച ചോര കുഞ്ഞിനെ കാണാൻ സുരേഷ് ഗോപി എത്തി

പാലക്കാട്: രണ്ടുപതിറ്റാണ്ടിനു ശേഷം, പണ്ട് താന്‍ ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ച കുരുന്നു പെണ്‍കുട്ടിയെ കാണാന്‍ സുരേഷ് ഗോപി എത്തി സാക്ഷിയായത്  വികാരഭരിതമായ രംഗങ്ങൾക്ക്.

സുരേഷ് ഗോപിയെ കണ്ട എടനെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുകയായിരുന്നു ശ്രീദേവി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ കൂടിക്കാഴ്ച, താന്‍ ദൈവത്തെ പോലെ കാണുന്ന താരം തന്റെ മറ്റൊരു ബുദ്ധിമുട്ടറിഞ്ഞതും വീണ്ടും കരുതലായ്, സ്നേഹമായ് അരികിലേക്ക് എത്തിയതോടെ, അതിരുകള്‍ക്കുമപ്പുറം ആയിരുന്നു അവളുടെ സന്തോഷം.

‘അന്നുകണ്ട നിന്റെ മുഖം ഇപ്പോഴും ഓര്‍മയുണ്ട് മകളേ’ -സുരേഷ് ഗോപി പറഞ്ഞപ്പോള്‍ ഓര്‍മകളുടെ തിരതള്ളലില്‍ ശ്രീദേവി വിതുമ്ബിക്കൊണ്ട് ആ നെഞ്ചോടുചേര്‍ന്നു. ഒരുനിമിഷം അവര്‍ അച്ഛനും മകളുമായി. ആ ഫോട്ടോയാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത് സുരേഷ് ഗോപി കൊണ്ടു വന്ന പലഹാരങ്ങൾ അവള്‍ക്ക് നല്‍കി. പൊതിതുറന്ന് ശ്രീദേവി മകള്‍ ശിവാനിക്ക് അതുകൊടുത്തപ്പോള്‍ മുത്തച്ഛനെപ്പോലെ സുരേഷ് ഗോപി നോക്കിയിരുന്നു. പ്രസവിച്ച ഉടന്‍ അമ്മ തെരുവില്‍ ഉപേക്ഷിച്ച ശേഷം ഭിക്ഷാടന മാഫിയയുടെ കയ്യില്‍ അകപ്പെട്ട ശ്രീദേവിക്ക് അന്ന് സുരേഷ് ഗോപി തണലായി.

ഇന്നവള്‍ നാലരവയസ്സുകാരി ശിവാനിയുടെ അമ്മയാണ്. ചെറിയ ഫാന്‍സി സ്റ്റോര്‍ നടത്തുന്ന സതീഷിന്റെ ഭാര്യയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന പരിപാടികള്‍ക്കായ് തിരിച്ചപ്പോള്‍ ആരോ പറഞ്ഞു, അന്നത്തെ ആ കുട്ടി കാവശ്ശേരിയിലുണ്ട് ഉടന്‍തന്നെ തൃപ്പൂണിത്തുറയിലെ സ്വാമിയുടെ കടയില്‍ നിന്നും കുറച്ച്‌ പലഹാരവുമായി അവള്‍ക്ക് അരികിലേക്ക് എത്തുകയായിരുന്നു.

25 വര്‍ഷംമുമ്ബ് മലപ്പുറം കോട്ടയ്ക്കല്‍ പൂക്കിപ്പറമ്ബിലെ കടത്തിണ്ണയില്‍ ഉറുമ്ബരിച്ച്‌ കൈകാലിട്ടടിച്ചുകരഞ്ഞ ചോരക്കുഞ്ഞായിരുന്നു അവള്‍. കോഴിച്ചന്ന കണ്ടംതിറയിലെ നാടോടിയായ തങ്കമ്മ എന്ന എണ്‍പതുകാരി അന്ന് മകളായി ഏറ്റെടുത്തു. പുറമ്ബോക്കിലെ കുടിലില്‍ പ്രസവിച്ചുകിടന്നിരുന്ന തങ്കമ്മയുടെ മകള്‍ വേട്ടക്കാരി അവളെയും മുലയൂട്ടി. തങ്കമ്മ ആക്രിപെറുക്കിയും നാട്ടുകാരുടെ സഹായംകൊണ്ടും ശ്രീദേവിയെ വളര്‍ത്തി. നാടോടികള്‍ക്കൊപ്പം വളരുന്ന സുന്ദരിക്കുട്ടി മാധ്യമങ്ങളില്‍ വാര്‍ത്തയായി.

കോഴിച്ചന്ന എ.എം.എല്‍.പി. സ്‌കൂളില്‍ ശ്രീദേവിയെ ചേര്‍ത്തപ്പോള്‍ തങ്കമ്മയെ ഒരു ചിന്ത അലട്ടി. തന്റെ കാലശേഷം ഇവളെ ആര് സംരക്ഷിക്കും. ഭിക്ഷാടനവും ആക്രിശേഖരണവും നടത്തുന്ന നാടോടിക്കൂട്ടത്തിലെ ചിലര്‍ ശ്രീദേവിയെ ഉപദ്രവിച്ചുതുടങ്ങിയതും ഈ ആശങ്കയ്ക്ക് കാരണമായി. നടന്‍ ശ്രീരാമനില്‍നിന്ന് ഇക്കഥകള്‍ കേട്ടറിഞ്ഞ സുരേഷ് ഗോപി വീടുവെച്ച്‌ കൊടുക്കാന്‍ ശ്രമംനടത്തിയെങ്കിലും അത് ഫലപ്രാപ്തിയിലെത്തിയില്ല. തുടര്‍ന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അവളെ ആലുവയില്‍ ജോസ് മാവേലി നടത്തുന്ന ജനസേവാ ശിശുഭവന്റെ സംരക്ഷണയിലാക്കുകയായിരുന്നു.

ഇവിടെ വെച്ചാണ് സുരേഷ് ഗോപി വീണ്ടും ശ്രീദേവിയെ കണ്ടത്. ഇപ്പോള്‍ വിവാഹശേഷമാണ് അവളെ തേടി സുരേഷ് ഗോപി വീട്ടിലെത്തിയത്.  സ്വന്തം വീടില്ല , കടബാധ്യത തുടങ്ങിയ സങ്കടങ്ങളൊക്കെ അവള്‍  ഒരു അച്ഛനോട് എന്ന പോലെ സുരേഷ് ഗോപിയോട് പങ്കു വെച്ചു.  അവളുടെ പ്രയാസങ്ങള്‍ എല്ലാം കേട്ട സുരേഷ് ഗോപി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തും എന്ന ഉറപ്പു നല്‍കിയാണ് മടങ്ങിയത്.

Also Read :   കേരളത്തിൽ ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ആകെ മരണം 41,439, ടിപിആര്‍ 7.74 %