തൃശ്ശൂർ: പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വീട്ടിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം കുറച്ചുകാലമായി ചലച്ചിത്ര രംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു സുനില്‍. നിരവധി സിനിമകളുടെ ഭാഗമായിട്ട് സുനില്‍ പ്രവർത്തിച്ചിട്ടുണ്ട്. ഭരതന് സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സുനിൽ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി മലയാള സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
2014ല്‍ പുറത്തിറങ്ങിയ ഒന്നും മിണ്ടാതെ എന്നു ചിത്രത്തിനു വേണ്ടിയാണ് സുനില്‍ അവസാനമായി നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചത്. ഇദ്ദേഹത്തിന്റെ ക്യാമറയില്‍ പതിയാത്ത താരങ്ങള്‍ ചുരുക്കമാണ്. ”സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നത് അസിസ്റ്റന്റ് ഡയറക്ടർ ഉം പ്രൊഡക്ഷൻ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്ന് പാസഞ്ചര്‍ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് മനസ്സിലാക്കി തന്ന വലിയ എളിയ മനുഷ്യൻ” സുനിലിനെ സ്മരിച്ച് കൊണ്ട് സംവിധായകന് രഞ്ജിത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചുതിങ്ങനെയാണ്.
“സുനിൽ ഗുരുവായൂർ അന്തരിച്ചു. മലയാള സിനിമയിലെ പ്രശസ്തനായ ഏറ്റവും നല്ല ഒരു സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരുന്നു അദ്ദേഹം. കുറെ ചിത്രങ്ങളിൽ സുനിലേട്ടനുമായി സഹകരിക്കാൻ സാധിച്ചിട്ടുണ്ട്. എനിക്ക് അദ്ദേഹവുമായുള്ള ആത്മബന്ധം എന്ന് പറയുന്നത് 1988-ൽ എന്റെ ആദ്യ ചിത്രത്തിന്റെ സെറ്റിൽ (വയനാട്ടിൽ വച്ച്) എന്റെയൊരു ഫോട്ടോ എടുത്ത് ചിത്രഭൂമിയിൽ …”മലയാള സിനിമയിലേക്ക് ഒരു പുതിയ നടൻ മനോജ്” എന്ന ടൈറ്റിലോട് കൂടി ആദ്യമായി കൊടുത്തത് സുനിലേട്ടനാണ്.. മറക്കില്ലൊരിക്കലും, ” ആദരാഞ്ജലികൾ നേർന്ന് മനോജ് കെ ജയൻ കുറിച്ചതിങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക