തൃശൂർ: നഗരമധ്യത്തിലെ മോഡൽ ബോയ്സ് സ്കൂൾ വളപ്പിൽ വിദ്യാർഥിയുടെ കാലിൽ വിഷപ്പാമ്പ് ചുറ്റി. പത്താം ക്ലാസ് വിദ്യാർഥിയായ നൈതിക് ഷോബിയുടെ (15) കാലിലാണ് അണലി ചുറ്റിപ്പിണഞ്ഞത്.
ഉടൻ പാമ്പിനെ കുടഞ്ഞെറിയാൻ നൈതിക് കാട്ടിയ മനോധൈര്യം കടിയേൽക്കാതെ രക്ഷപ്പെടാൻ തുണയായി. കാലിൽ മുറിപ്പാടു കണ്ടെങ്കിലും വിദഗ്ധ പരിശോധനയിൽ പാമ്പിന്റെ കടിയേറ്റുണ്ടായ മുറിവല്ലെന്നു വ്യക്തമായി.
രാവിലെ പത്തുമണിയോടെ സ്കൂളിന്റെ പിൻവശത്തെ ഗേറ്റിനു സമീപമാണു സംഭവം. ഉപയോഗരഹിതമായ കമ്പികളും നിർമാണ സാമഗ്രികളുമൊക്കെ കൂട്ടിയിട്ടതിനു സമീപം പുൽപ്പടർപ്പുള്ള ഭാഗത്തിനരികിലൂടെ ക്ലാസ്മുറി ലക്ഷ്യമാക്കി നടക്കുകയായിരുന്നു നൈതിക്.
കാലിൽ എന്തോ തടഞ്ഞതു പോലെ തോന്നി നോക്കിയപ്പോഴാണ് പാമ്പ് ചുറ്റിപ്പിണയുന്നതു കണ്ടത്. ഷൂസ് ധരിച്ച കാൽപാദത്തിലേക്കു കടിയേൽക്കുന്നതിനു മുൻപു തന്നെ നൈതിക് കുടഞ്ഞെറിഞ്ഞു.
വിവരമറിഞ്ഞ് അധ്യാപകരും വിദ്യാർഥികളും ഓടിക്കൂടി. ഉടൻ നൈതികിനെ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ പാമ്പു കടിച്ചിട്ടില്ലെന്നു വ്യക്തമായതോടെ ആശുപത്രി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക