തൃശൂര്‍: ഭാര്യ പിണങ്ങിപ്പോയതിന്റെ വിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി 11.30നാണ് സംഭവം. സ്റ്റേഷനോട് ചേര്‍ന്ന് യുവാവ് പാളത്തില്‍ തലവെച്ച് കിടന്നായിരുന്നു യുവാവിന്റെ ആത്മഹത്യ ശ്രമം നടത്തിയത്.
എന്നാല്‍ ഇത് സ്റ്റേഷന് മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസുകാര്‍ ഉടനെ സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിച്ചു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. സ്റ്റേഷന് മാസ്റ്ററുടെയും പൊലീസിന്റെ സമയോചിത ഇടപെടലാണ് യുവാവിന് രക്ഷയായത്.
തലശേരി സ്വദേശിയായ യുവാവ് ലോറി ഡ്രൈവറാണ്. സിമന്റ് ഇറക്കാനാണ് ഒല്ലൂരില്‍ വന്നത്. മദ്യപിച്ചതിന് ശേഷമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവാവിനെ തൊഴിലുടമയെ വിളിച്ചുവരുത്തി അവരുടെ കൂടെ പറഞ്ഞുവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക