ചൈനയില്‍ 1.28 ലക്ഷം കാറുകള്‍ തിരിച്ചു വിളിച്ച് പരിശോധിക്കാന്‍ ടെസ്ല. റിയര്‍ മോട്ടര്‍ ഇന്‍വേര്‍ട്ടറിലെ തകരാര്‍ സംശയിച്ചാണ് തദ്ദേശീയമായി നിര്‍മിച്ച 93578 കാറുകളും ഇറക്കുമതി ചെയ്ത 34207 കാറുകളുമടക്കം 127785 മോഡല്‍ 3 കാറുകളാണ് തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്.
2019 ജനുവരി 11 മുതല്‍ 2022 ജനുവരി 25 വരെ നിര്‍മിച്ച വാഹനങ്ങളിലാണ് തകരാര്‍ സംശയിക്കുന്നത്. റിയര്‍ മോട്ടര്‍ ഇന്‍വേര്‍ട്ടറിലെ തകരാര്‍ മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയത്.
ഇതുമൂലം പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ വീണ്ടും സ്റ്റാര്ട്ടാകാന് ബുദ്ധിമുട്ട് നേരിടുകയും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവിങ് പവര്‍ നഷ്ടമാകാനും സാധ്യതയുണ്ട്. തിരിച്ചു വിളിക്കുന്ന വാഹനങ്ങളിലെ തകരാര്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നുമാണ് ടെസ്ല അറിയിക്കുന്നത്.
മോട്ടര്‍ കണ്ട്രോള് സോഫ്റ്റ്വയറില് അപ്ഡേഷന് നടത്തിയാണ് ഈ തകരാര്‍ പരിഹരിക്കുക. ഡിസംബറില്‍ ട്രങ്ക് ഡിഫക്റ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏകദേശം 2 ലക്ഷം വാഹനങ്ങള്‍ ടെസ്ല തിരിച്ചുവിളിച്ചിരുന്നു.
അമേരിക്ക കഴിഞ്ഞാല്‍ ടെസ്ലയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ചൈന. ഡിസംബറില്‍ മാത്രം 70847 യൂണിറ്റ് കാറുകളാണ് ചൈനയില്‍ ടെസ്ല വിറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക