തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയെ നിയമിച്ചതിനെതിരെ പി.ജയരാജന്റെ വിമർശനം. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പി.ശശിയുടെ നിയമനത്തിനെതിരെ പി.ജയരാജൻ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫിസിലെ നിയമനത്തിൽ സൂക്ഷ്മത പുലർത്തണമെന്നും മുൻപ് ചെയ്ത തെറ്റുകൾ ശശി ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും പി.ജയരാജൻ തുറന്നടിച്ചു. നേതാക്കൾക്കു ചുമതലകൾ വിഭജിച്ചു നൽകുന്ന ചർച്ചയിലായിരുന്നു ജയരാജന്റെ വിമർശനം.
ശശിയുടെ നിയമനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെയും ശശിയുടെയും തട്ടകമായ കണ്ണൂരിൽനിന്നു തന്നെയാണ് വിമർശനം ഉയർന്നതെന്നത് ശ്രദ്ധേയമാണ്. ശശിയുടെ നിയമനത്തോടുള്ള വിയോജിപ്പ് പരസ്യമാക്കിയ ജയരാജൻ, മുൻപ് ശശിക്കെതിരെ എന്തിന്റെ പേരിലാണോ നടപടിയെടുത്തത്
ആ തെറ്റ് അദ്ദേഹം ആവർത്തിക്കാൻ ഇടയുണ്ടെന്നും ചൂണ്ടിക്കാട്ടി. തന്റെ പക്കൽ അതിനു തെളിവുണ്ടെന്നും ജയരാജൻ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക