റിലീസിനൊരുങ്ങുന്ന മമ്മൂട്ടി (Mammootty) ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായ സിനിമയാണ് ‘പുഴു'(Puzhu). ചിത്രം ഒടിടി റിലീസായി സോണി ലിവിലൂടെ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഉദ്യോഗവും ആകാംക്ഷയും ഉളവാക്കുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ മികച്ച പ്രകടനം തന്നെ ട്രെയിലര്‍ ഉറപ്പ് നൽകുന്നുണ്ട്.
ചിത്രം മെയ് 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു.
തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്ഡിന്റെ ബാനറിലാണ് ‘പുഴു’വെന്ന ചിത്രത്തിന്റെ നിര്‍മാണം. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക