കൊച്ചി: രാജ്യത്തു സ്റ്റാർട്ടപ് സമ്പദ്വ്യവസ്ഥ ശക്തമാകുന്നത് ആഡംബര കാർ വിപണിക്ക് ഊർജമേകുന്നു. ബാങ്ക് വായ്പ പോലെയുള്ള മൂലധന സമാഹരണ രീതികളല്ല സ്റ്റാർട്ടപ്പുകൾ പിന്തുടരുന്നത്.
ആശയത്തിന്റെ ബലത്തിൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വൻകിട നിക്ഷേപക ഗ്രൂപ്പുകളിൽനിന്നു കോടിക്കണക്കിനു രൂപ സമാഹരിക്കുകയാണു സ്റ്റാർട്ടപ്പുകളുടെ രീതി.
100 കോടിയിലേറെ ഡോളർ (7500 കോടിയിലേറെ രൂപ) മൂല്യമുള്ള 100 സ്റ്റാർട്ടപ് കമ്പനികൾ ഇപ്പോൾത്തന്നെ രാജ്യത്തുണ്ട്. അതിവേഗം വൻതോതിൽ ഫണ്ടിങ് കിട്ടുകയും മൂല്യം ഉയരുകയും ചെയ്യുന്ന സ്റ്റാർട്ടപ് സംരംഭകർ ആഡംബര കാർ വിപണിയുടെ മുകൾത്തട്ടിലേക്കാണ് നോക്കുന്നതും.
ഒരു കോടിയിലേറെ രൂപ വിലയുള്ള കാറുകളുടെ വിൽപന, 50 ലക്ഷത്തിൽത്താഴെ വിലയുള്ള കാറുകളുടെ വിഭാഗത്തെക്കാൾ വേഗത്തിൽ വളരുന്നതിനു പിന്നിൽ സ്റ്റാർട്ടപ്പുകളുടെ സാന്നിധ്യം വളരെ വലുതാണെന്ന് മെഴ്സിഡീസ് ബെൻസ് ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് മേധാവി സന്തോഷ് അയ്യർ പറഞ്ഞു.
സ്റ്റാർട്ടപ് സംരംഭകർ സിനിമ– സ്പോർട്സ് താരങ്ങളെപ്പോലെ സെലിബ്രിറ്റി പദവിയുള്ളവരായതിനാൽ അവർ കാർ വാങ്ങുന്നത് കമ്പനികൾക്ക് ബ്രാൻഡിങ്ങിനും സഹായകമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക