നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിന്റെ (Thuramukham) റിലീസ് വീണ്ടും നീട്ടി. കൊവിഡ് പശ്ചാത്തലത്തില്‍ നേരത്തെ പലകുറി റിലീസ് നീട്ടിവെക്കപ്പെട്ട ചിത്രമാണിത്. ജൂണ്‍ 3ന് തിയറ്ററുകളിലെത്തുമെന്നാണ് അവസാനം പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രം എത്താന്‍ ഒരാഴ്ച കൂടി വൈകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങള്‍ എന്നാണ് റിലീസ് നീട്ടാനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്.
റിലീസ് വീണ്ടും മാറ്റിവെക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് അണിയറക്കാര്‍
‘അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാൽ തുറമുഖത്തിന്റെ റിലീസ് വീണ്ടും ഒരാഴ്ചത്തേക്ക് മാറ്റിവെക്കേണ്ടി വന്നിരിക്കുന്നു. കൊവിഡും സാമ്പത്തിക കുടുക്കുകളും തിയറ്റർ അടച്ചിടലും ചലച്ചിത്ര വ്യവസായത്തിൽ വന്ന മാറ്റങ്ങളും ഒക്കെ കാരണം കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ പലതവണ ഉണ്ടായ ഈ മാറ്റിവെക്കലുകള്‍, സഹൃദയരായ ആസ്വാദകരെയും തിയേറ്റർ പ്രവർത്തകരെയും അണിയറയിൽ പ്രവർത്തിച്ച നൂറുകണക്കിന് ആളുകളെയും ഓരോ പ്രാവശ്യവും നിരാശരാക്കുന്നുണ്ട്. എങ്കിലും വർഷങ്ങളുടെ പ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ ചരിത്ര സിനിമ എന്തു ത്യാഗം സഹിച്ചും ജനങ്ങളുടെ മുന്നിൽ തിരശ്ശീലയിൽ എത്തിക്കും എന്ന ദൃഢ നിശ്ചയം ഓരോ തിരിച്ചടിയിലും ഒന്നിനൊന്നു കൂടുന്നതേ ഉള്ളൂ. ജൂൺ പത്തിന് വെള്ളിത്തിരയിൽ ഈ ചിത്രത്തിന്റെ അനുഭവം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനാകും. അതിനു ഞങ്ങൾ സജ്ജരാണ്, പ്രതിജ്ഞാബദ്ധരാണ്! ശുഭാപ്തി വിശ്വാസത്തോടെ, തുറമുഖത്തിന്റെ അണിയറ പ്രവർത്തകർ.’
പ്രതികരിക്കാൻ ഇവിടെ എഴുതുക