ലോകേഷ് കനകരാജിന്റെ കൈതിയിലൂടെയും വിക്രമിലൂടെയും വളരെയധികം ശ്രദ്ധനേടിയ നടനാണ് അർജുൻ ദാസ്. മാസ്റ്റർ എന്ന വിജയ് ചിത്രത്തിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ബോളിവുഡിൽ അർജുൻ ദാസ് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസി’ന്റെ ഹിന്ദി പതിപ്പിലാണ് അർജുൻ എത്തുന്നത്. ചിത്രത്തിലെ പെപ്പെ എന്ന കഥാപാത്രത്തെയാണ് അർജുൻ ദാസ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ ആന്റണി വർഗീസായിരുന്നു ഈ വേഷം ചെയ്തത്. ഹിന്ദി പതിപ്പിന്റെ പേര് നിശ്ചയിക്കപ്പെട്ടില്ലെന്നാണ് വിവരം.
റീമേക്ക് ആണെങ്കിലും മലയാളചിത്രത്തിന്റെ ഹിന്ദി വ്യാഖ്യാനമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന സൂചനകൾ. കെഡി എങ്കിറ കറുപ്പുദുരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അബ്ഡുണ്ടിയ എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്. അങ്കമാലിയെ ചുറ്റിപ്പറ്റിയാണ് മലയാളത്തിലെ കഥയെങ്കിൽ ഗോവ കേന്ദ്രീകരിച്ചായിരിക്കും ഹിന്ദി പതിപ്പെന്നും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക