ആയുസ്സിന്റെ വേദം എന്നാണ് ആയുർവേദത്തിന്റെ നിർവചനം. ഒട്ടനവധി രോഗങ്ങൾക്ക് ഇതര വൈദ്യശാസ്ത്രത്തിൽ ചികിത്സ ഫലിക്കാത്ത സാഹചര്യത്തിൽ ആയുർവേദത്തിന്റെ പ്രസക്തിയും പ്രശസ്തിയും അനുദിനം എറിവരികയാണ്.
പഞ്ചഭൂതങ്ങൾ, ത്രിദോഷങ്ങൾ, സപ്ത ധാതുക്കൾ, സ്രോതസ്സുകൾ എല്ലാം കൂടി ചേരുന്ന ഈ ശരീരത്തിൽ രോഗ കാരണമായി പറയുന്നത് മുൻപ് സൂചിപ്പിച്ച അഗ്നിബലം ക്ഷയിക്കുന്ന അവസ്ഥയാണ്.
അഗ്നി ക്ഷയിക്കുക വഴി തൃദോഷങ്ങൾ അസന്തുലിതമാവുകയും അതുവഴി രോഗം ഉണ്ടാവുകയും ചെയ്യുന്നു. ആയതിനാൽ ചികിത്സയുടെ ലക്ഷ്യം മന്ദീഭവിച്ച അഗ്നിക്ക് ദീപനം ഉണ്ടാക്കി തൃദോഷങ്ങളെ സമാവസ്ഥയിൽ എത്തിക്കുക എന്നതാണ്.
∙ നേരം പുലർന്ന ഉടൻ എഴുനേറ്റ് പ്രാഥമിക കർമങ്ങൾ ശരീരവും ഒപ്പം മനസ്സും ശുദ്ധമാക്കുക. മനസ്സ് എന്ന് എടുത്ത് പറയാൻ കാരണം ശാരീരികവും മാനസികവുമായ ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ പൂർണ ആരോഗ്യവാൻ എന്ന് പറയാൻ സാധിക്കു.
∙ ലഘുവായ ആഹാരങ്ങളും വിഹാരങ്ങളും ശീലിക്കുക- പൊതുവേ അഗ്നി ബലം കുറഞ്ഞ ഈ മാസം ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങൾ ഒഴിവാക്കി ലഘുവായതും ചൂടുള്ളതും നവവുമായ(ഫ്രഷ്) ആഹാരം ശീലിക്കുക. അതിൽ ഏറെ പ്രാധാനം കഞ്ഞി തന്നെ. ഔഷധങ്ങൾ ഇട്ട് വെന്ത കഞ്ഞി അതും നല്ല ഞവരയരി കഞ്ഞി ആയാൽ കേമം.
∙ ഔഷധ കഞ്ഞി- വളരെ വേഗം ദഹിക്കുന്നതും ശരീരത്തിനു ഹിതവുമായ ഒന്നാണ് കഞ്ഞി. ആവശ്യത്തിനു ജലാംശം നിലനിർത്തി വേണ്ടുന്ന അന്നജവും പോഷകവും നൽകുന്നതാണ് കഞ്ഞി.
അതിനായി ഞവര അരി, പഞ്ചക്കോലം, ഇന്ദുപ്പ്, ദശമൂലം, ദശ പുഷ്പം എന്നിവ ശരീര പ്രകൃതി അനുസരിച്ച് സേവിക്കുക. സ്വാദ് കൂട്ടാൻ തേങ്ങാപ്പാൽ, ശർക്കര മുതലായത് യുക്തിപോലെ ചേർക്കുകയും ആവാം.
∙ പഞ്ചകർമ ചികിത്സ
ആയുർവേദത്തിൽ പഞ്ച കർമം എന്നാൽ പ്രധാന ചികിത്സയാണ്. വമനം, വിരേചനം, വസ്തി, നസ്യം, രക്ത മോക്ഷം എന്നീ 5 കർമങ്ങൾ ശരീരത്തിന് ദോഷ സാമ്യം ഉണ്ടാക്കുന്ന പ്രധാന കർമങ്ങളാണ്.
ഇവ ശരീരപ്രകൃതി, രോഗാവസ്ഥ കണക്കാക്കി യുക്തിപൂർവം പരിജ്ഞാനമുള്ള ഒരു വൈദ്യന്റെ മേൽനോട്ടത്തിൽ ചെയ്യേണ്ടതാണ്. മറിച്ചായാൽ വിപരീത ഫലം തീർച്ച. ഈ പ്രാധാന കർമങ്ങൾക്ക് മുന്നോടിയായി ചില പൂർവ കർമങ്ങൾ ചെയ്യണം എന്നത് നിർബന്ധമുള്ള കാര്യമാണ്.
സ്നേഹനം(എണ്ണ തേപ്പ്) സ്വേദനം,(വിയർപ്പിക്കൽ) എന്നീ രണ്ട് പൂർവ കർമങ്ങളുടെ പല തരം ക്രിയാ ഭേദങ്ങൾ മാത്രാമാണ് നമ്മൾ ഇന്ന് കാണുന്ന പഞ്ചകർമം എന്ന് വിശ്വസിക്കുന്ന ഉഴിച്ചിലും പിഴിച്ചിലും ഞവരക്കിഴിയും ഇലക്കിഴിയുമെല്ലാം.
രക്ത ചംക്രമണം ത്വരിതപെടുത്തി മാംസ പേശികൾക്ക് ദൃഢത നൽകുന്ന ഈ പൂർവകർമങ്ങൾ പഥ്യമാചരിച്ച് ചെയ്താൽതന്നെ വേണ്ട പ്രയോജനം ലഭിക്കും എന്നതുകൊണ്ട് ഈ ചികിത്സകൾക്ക് കർക്കടക മാസത്തിൽ കൂടുതൽ പ്രചാരം ലഭിക്കുന്നു.
ദശപുഷ്പ മഹത്വം
ചെറുള, തിരുതാളി, കറുക, മുക്കൂറ്റി, വിഷ്ണുക്രാന്തി, പൂവാൻങ്കുരുന്നില, മുയൽചെവിയൻ, നിലപ്പന, കയ്യോന്ന്യം, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ. വളരെ ഏറെ ഔഷധ ഗുണമുള്ള ഈ 10 ഇലകളിൽ ദേവതകൾ കുടികൊള്ളുന്നതായി ഒരു വിശ്വാസമുണ്ട്.
ഈ ഇലകളുടെ സ്വരസം(ഇടിച്ച് പിഴിഞ്ഞ ചാർ) സേവിക്കുകയും കഞ്ഞി തയാർ ചെയ്ത് ഉപയോഗിക്കുകയും ചെയ്താൽ ആയുസ്സും ആരോഗ്യവും ഉണ്ടാക്കും എന്നത് ആയുർവേദത്തിന്റെ മഹിമ കൂട്ടുന്ന ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക