തിരുവനന്തപുരം: ജലനിരപ്പ് റൂൾ കർവ് പരിധി കടന്നതോടെ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു. മുൻപ് അറിയിച്ചിരുന്നതുപോലെ രാവിലെ എട്ടിനാണ് ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തിയത്.
നിലവിൽ 774.20 മീറ്ററാണ് ജലനിരപ്പ്. സെക്കൻഡിൽ 8.50 ഘനമീറ്റർ വെള്ളമാകും പുറത്തേക്ക് ഒഴുക്കുക. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം, ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385.18 അടിയായി ഉയർന്നു.
ഡാമിന്റെ 3 ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. സെക്കൻഡിൽ ഒരു ലക്ഷം ലീറ്റർ വീതം വെള്ളമാണു ഒഴുക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയിലെത്തി.
സെക്കൻിൽ 12,667 ഘനയടിയാണ് നീരൊഴുക്ക്. പത്തു ഷട്ടറുകളിലൂടെ ഒഴുക്കുന്നത് സെക്കൻഡിൽ 3,545 ഘനയടി വെള്ളമാണ്. സെക്കൻഡിൽ 2122 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക