എച്ച്ഐവി പ്രതിരോധത്തിനായി അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ‘ഒന്നായി പൂജ്യത്തിലേക്ക്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി കോളേജുകളിൽ ടാലന്റ് ഷോ നടത്തുന്നു. കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് 2025 ഓടു കൂടി കേരളത്തിൽ പുതിയ എച്ച് ഐ വി അണുബാധകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിനായി ഓസം 2022 ഓപ്പൺ സ്റ്റേജ് ഓപ്പൺ മൈൻഡ് ടാലന്റ് ഷോ സംഘടിപ്പിക്കുന്നത്.
ഒന്നാം ഘട്ടമായ ജില്ലാതല മത്സരം ജില്ലാ മെഡിക്കൽ ഓഫീസറെയും ജില്ലാ ടി ബി ആന്റ് എയ്ഡ്സ് കൺട്രോൾ ഓഫീസറെയും നാഷണൽ ഹെൽത്ത് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 11 ന് നടക്കും. ജില്ലയിലെ ഐടിഐ, കോളേജ്, പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 4000, 3000, 1500 രൂപ വീതം ക്യാഷ് അവാർഡ് ലഭിക്കും.
ഒന്നാം സമ്മാനം ലഭിക്കുന്ന വിദ്യാർഥിക്ക് ലൈവ് സ്റ്റേജ് ഷോ ആയി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് രണ്ടാം വാരത്തിലാണ് സംസ്ഥാനതല ടാലന്റ് ഷോ സംഘടിപ്പിക്കുന്നത്. സ്റ്റാന്റ് അപ്പ് കോമഡി, മോണോ ആക്ട്, ഡാൻസ് എന്നീ വിഭാഗത്തിലാണ് കലാ മത്സരം സംഘടിപ്പിക്കുന്നത്. ദൈർഘ്യം പരമാവധി ഏഴ് മിനിറ്റ്.
ലഹരി ഉപയോഗവും എച്ച് ഐ വി അണുബാധയും, എച്ച് ഐ വിയെ തടയുന്നതിൽ സ്വമേധയുള്ള രക്തദാനത്തിന്റെ പങ്ക്, എച്ച് ഐ വി ബാധിതർ സമൂഹത്തിൽ നേരിടുന്ന വിവേചനം എന്നിങ്ങനെ പുതിയ എച്ച് ഐ വി ബാധിതർ ഇല്ലാത്ത 2025 ലേക്ക് എന്ന ലക്ഷ്യത്തിനുതകുന്ന വിഷയങ്ങളിൽ ആകണം കലാപ്രകടനങ്ങൾ. ഫോൺ : 8129635291, 0497 2763497, 04972 733491
പ്രതികരിക്കാൻ ഇവിടെ എഴുതുക