ആയുര്‍വേദം എട്ട് മഹാരോഗങ്ങളില്‍ ഒന്നായി അര്‍ശസ്സിനെ കണക്കാക്കുന്നു. ചികിത്സിച്ചു മാറ്റാന്‍ പ്രയാസം ഉള്ളവ, തുടര്‍ന്ന് നില്ക്കുന്നവ, അനേകം ഉപദ്രവങ്ങളുണ്ടാക്കുന്നവ, മറ്റു രോഗങ്ങള്‍ക്ക് കാരണമായവ തുടങ്ങിയ പ്രത്യേകതകളുള്ളവയാണ് മഹാരോഗങ്ങള്‍.
വന്‍കുടലിന്റെ അവസാനഭാഗമായ ഗുദത്തിലെ പ്രവാഹിണി, വിസര്‍ജിനി, സംവരണി എന്നീ പേശികളെ ആശ്രയിച്ചാണ് ഈ രോഗം ഉണ്ടാകുന്നത്. ഗുദത്തില്‍ കുറ്റികള്‍ അല്ലെങ്കില്‍ ആണികള്‍പോലുള്ള മാംസവളര്‍ച്ച ഉണ്ടാക്കി കാലക്രമത്തില്‍ അവ മലദ്വാരത്തെ അടച്ചുകളയും. ശത്രുക്കളെപ്പോലെ ജീവികളെ പീഡിപ്പിക്കുന്നതിനാലാണ് അര്‍ശസ്സെന്ന പേരുതന്നെ നല്‍കിയിരിക്കുന്നത്.
ദഹനമില്ലായ്മയും മലബന്ധവും ആണ് അര്‍ശസ്സിന്റെ അടിസ്ഥാന കാരണങ്ങള്‍. ദഹനമില്ലായ്മ, മലബന്ധം ഇവയുള്ളപ്പോള്‍ വളരെനേരം മലപ്രവര്‍ത്തിക്കുവേണ്ടിശക്തമായി മുക്കുക, കുലുക്കമുള്ള വാഹനങ്ങളിലും മൃഗങ്ങളുടെ പുറത്തുംകയറി അധികം സഞ്ചരിക്കുക, ക്രമംവിട്ട ലൈംഗികബന്ധത്തിലേര്‍പ്പെടുക, വിവിധ കാരണങ്ങളാല്‍ മലദ്വാരം മുറിയുക, മലദ്വാരത്തിന് സംഭവിക്കുന്ന ക്ഷതങ്ങള്‍, ഗര്‍ഭിണിയില്‍ കുട്ടിയുടെ കിടപ്പുമൂലം രക്തക്കുഴലുകളില്‍ സമ്മര്‍ദമുണ്ടാകുക, കഷ്ടപ്രസവം തുടങ്ങിയ കാരണങ്ങള്‍ അര്‍ശസിനുള്ള സാധ്യത കൂട്ടുന്നു. ചുരുക്കത്തില്‍ ഗുദപേശികളിലെ സിരകള്‍ക്കുണ്ടാകുന്ന അധിക സമ്മര്‍ദം മൂലം അര്‍ശസ്സുണ്ടാവുന്നു. ഇരുന്നു ജോലിചെയ്യുന്നവരിലും വാഹനം ഓടിക്കുന്നവരിലും ഇത് കൂടുതലായി കണ്ടുവരുന്നു.
രോഗം പ്രകടമാക്കുന്നതിനു മുമ്പുതന്നെ ദഹനവൈഷമ്യത്തിന്റെ വിവിധ ലക്ഷണങ്ങള്‍ രോഗിയില്‍ കാണുന്നു. ഗുദങ്കുരങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ഈ ലക്ഷണങ്ങള്‍ വര്‍ധിച്ചുവരുന്നു. രോഗി വാടി ക്ഷീണിച്ചു ബലമില്ലാത്തവനായി കാണപ്പെടുന്നു. ചുമ, ശ്വാസംമുട്ടല്‍, നീരിളക്കം, പനി, വായ കയ്പ് തുടങ്ങി ഇതര ലക്ഷണങ്ങള്‍ കണ്ടുവരുന്നു. ദഹനത്തെ വര്‍ധിപ്പിക്കുന്നതും മലശോധന ഉണ്ടാക്കുന്നതും വായുവിനെ അനുലോമിപ്പിക്കുന്നതും ദേഹപുഷ്ടികരമായതുമായ ഔഷധങ്ങള്‍ ചികിത്സയില്‍ ഉപയോഗിക്കുന്നു. രക്താര്‍ശസ്സില്‍ രക്തസ്തംഭനമായ ചികിത്സകൂടി ചെയ്യുന്നു.
രോഗത്തിന്റെയും രോഗിയുടെയും അവസ്ഥ അനുസരിച്ച് ഉള്ളിലേക്ക് കഴിക്കാവുന്ന മരുന്നുകള്‍, ശസ്ത്രക്രിയകള്‍, കരിച്ചു കളയല്‍, ക്ഷാരപ്രയോഗങ്ങള്‍ ഇവ ചികിത്സയിലുള്‍പ്പെടുത്തിയിരിക്കുന്നു. ആന്തരികമായ ഔഷധ ഉപയോഗം, അര്‍ശോ അങ്കുരങ്ങളില്‍ ലേപനങ്ങള്‍, ക്ഷാരസൂത്ര പ്രയോഗംകൊണ്ട് കരിച്ചുകളയുക എന്നീ ചികിത്സകള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്. തുടങ്ങിയിട്ട് അധികകാലമായിട്ടില്ലാത്തവയും അധിക ലക്ഷണങ്ങളും ഉപദ്രവങ്ങളില്ലാത്തവയും മരുന്നുകള്‍കൊണ്ട് മാറ്റാം. കൂടാതെ അര്‍ശോ അങ്കുരങ്ങളുടെ കട്ടി കുറച്ച്, മൃദുത്വം ഉള്ളതാക്കാനുള്ള വിവിധ ധാരകള്‍, പുക ഏല്പിക്കുക, ഔഷധ സംസിദ്ധമായ ജലത്തില്‍ ഇറങ്ങിയിരിക്കുക, വേദനയ്ക്കുള്ള വിവിധ കിഴികള്‍, രക്തം ചോര്‍ത്തിക്കളയുക തുടങ്ങി അനേകം പ്രാദേശിക ചികിത്സകള്‍ ചെയ്തുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക