ഡാലസ്: ടെക്സസിൽ ഇന്ത്യക്കാരായ നാലു വനിതകളെ വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത സ്ത്രീ അറസ്റ്റിൽ.
ആക്രമണ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്. ബുധനാഴ്ച രാത്രി ഡാലസിലെ ഒരു പാർക്കിങ്ങ് ഏരിയയിലാണ് സംഭവം നടന്നത്. അമേരിക്കയിൽ ജനിച്ച മെക്സിക്കൻ –അമേരിക്കൻ എന്നു സ്വയം പരിചയപ്പെടുത്തിയ എസ്മെറാൾഡ എന്ന സ്ത്രീയാണ് ഇന്ത്യക്കാരെ ആക്രമിച്ചത്.
‘ഞാൻ നിങ്ങൾ ഇന്ത്യക്കാരെ വെറുക്കുന്നു. എല്ലാ ഇന്ത്യക്കാരും നല്ല ജീവിതം തേടിയാണ് അമേരിക്കയിലേക്ക് വന്നത്. നിങ്ങളെല്ലാം മടങ്ങിപോകണം. ഞാന്‍ എവിടെ പോയാലും അവിടെയെല്ലാം ഇന്ത്യക്കാരാണ്. ഇവിടെ എല്ലായിടത്തും ഇന്ത്യക്കാരാണ്. ഇന്ത്യയിലെ ജീവിതം നല്ലതാണെങ്കിൽ നിങ്ങൾ എന്തിനാണ് ഇങ്ങോട്ട് വരുന്നത്’– സ്ത്രീകളോട് കയർത്തു സംസാരിച്ച് എസ്മെറാൾഡ ചോദിച്ചു.
ഇന്ത്യക്കാരായ സ്ത്രീകൾ സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇത് സമൂഹ മാധ്യമം വഴി പുറത്തു വിടുകയും ചെയ്തു. ഇതോടെയാണ് വിഷയം പുറത്തറിഞ്ഞത്. മറ്റു സുഹൃത്തുക്കൾക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് സംഭവം ഉണ്ടായതെന്ന് മർദനമേറ്റ സ്ത്രീകളിൽ ഒരാളുടെ മകൻ പറഞ്ഞു.
അറസ്റ്റിലായ എസ്മെറാൾഡയ്ക്കെതിരെ ശരീരത്തിനു നേരെയുള്ള ആക്രമണം, തീവ്രവാദ ഭീഷണി എന്നീ രണ്ടു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 10,000 ഡോളർ കെട്ടിവച്ചാൽ ജാമ്യം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക