ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന നടനാണ് ആസിഫ് അലി. താരത്തിന്റെ ആദ്യകാല ബ്ലോക്ക് ബസ്ററിൽ ഒന്നാണ് ഹണിബീ എന്ന ചിത്രം. ചിത്രത്തിൽ ഭാവനയായിരുന്നു ആസിഫിന്റെ നായിക. ചിത്രത്തിലെ ക്ളൈമാക്സിലെ ചുംബനരംഗത്തെ പറ്റി ഇന്നും അഭിമുഖങ്ങളിൽ ആസിഫിനോട് ചോദിക്കാറുണ്ട്. അങ്ങനെ ചോദിക്കാൻ ഒരു കാരണവും ഉണ്ട്. ആസിഫിന്റെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ആയിരുന്നു ഹണിബീയുടെ റിലീസ്. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് തന്നെ ഭാര്യക്കൊപ്പം തിയേറ്ററിൽ ചിത്രം കണ്ടതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ആസിഫ് ഇപ്പോൾ. ആസിഫിന്റെ വാക്കുകൾ ഇങ്ങനെ,
“ഈ രംഗത്തെപ്പറ്റി ഞാൻ നേരത്തെ പറഞ്ഞില്ല. സിനിമ കാണുമ്പോഴാണ് സമ ആ രംഗം കാണുന്നത് തന്നെ. ഞങ്ങൾ, ലാൽ സാർ, ഭാര്യ, ജീൻ, ബാലുവിന്റെ കുടുംബം അങ്ങനെ എല്ലാവരും ആയിട്ടാണ് സിനിമയ്ക്ക് പോയത്. കവിതയിൽ ആണ് എല്ലാവരും കൂടി സിനിമ കാണാൻ ഇരിക്കുന്നത്. എന്റെ കല്യാണം കഴിഞ്ഞ് ഒരു മാസത്തിൽ ഇറങ്ങുന്ന സിനിമ ആയിരുന്നു. ടെൻഷൻ മുഴുവൻ ലാൽ സാറിനും ഭാര്യ നാൻസി ചേച്ചിക്കും ആയിരുന്നു. എനിക്ക് ഒരു ടെൻഷനും ഇല്ലായിരുന്നു. അദ്ദേഹം ഇടയ്ക്ക് എന്നെയും സമയെയും ഇങ്ങനെ നോക്കുന്നുണ്ട്.
ക്ളൈമാക്സ് ആയി ഞങ്ങൾ ബോട്ടിലേക്ക് കേറുന്ന രംഗം എത്തിയപ്പോൾ ലാൽ സാർ പതിയെ പുറത്തേക്ക് പോയി. ചുംബനരംഗം കഴിഞ്ഞപ്പോൾ സമ എന്നെ ഇങ്ങനെ ഒന്ന് തിരിഞ്ഞു നോക്കി. ഞാൻ അപ്പോൾ റിയാക്ഷൻ ഒന്നുമില്ലാതെ സ്ക്രീനിലേക്ക് നോക്കി ഇരുന്നു. അത് സബാനും എയ്ഞ്ചലുമാണ് എനിക്ക് അറിയില്ല എന്നായിരുന്നു ഭാവം. അങ്ങനെ തിയേറ്ററിൽ നിന്ന് ഇറങ്ങി. അപ്പോഴേക്കും എല്ലാവരും സിനിമ ആഘോഷമാക്കിയിരുന്നു
അങ്ങനെ അന്ന് രാത്രി ലാൽ സാറിന്റെ വീട്ടിൽ ഒരു ആഘോഷം വച്ചു. ഞങ്ങൾ എല്ലാവരും ഉണ്ട്. ഭാവനയും അർച്ചന കവിയും ഉൾപ്പെടെ എല്ലാവരും എത്തിയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ലാൽ സാർ സമയെ പതിയെ വിളിച്ചു, മോളെ.. അത് കേട്ടപ്പോൾ എനിക്ക് തോന്നി ഇങ്ങേർ ഇത് കുളമാക്കുമെന്ന്. എന്നിട്ട് പറഞ്ഞു, മോളെ ഇത് അങ്ങനെയൊന്നുമില്ല, ഒരു നടന്റെ.. എന്നൊക്കെ പറഞ്ഞപ്പോൾ സമ പറഞ്ഞു. ഇല്ല അങ്കിളേ അതൊക്കെ എനിക്ക് മനസിലാകും എനിക്ക് കുഴപ്പമൊന്നുമില്ലെന്ന്.
സമ ഒരിക്കലും എന്നോട് അത്തരം രംഗങ്ങൾ ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. നല്ലൊരു കഥയൊക്കെ വരുന്ന സമയത്ത് സമയോട് സംസാരിക്കാറുണ്ട്, ചില സ്ക്രിപ്റ്റുകൾ ഒരുമിച്ച് വായിക്കാറുണ്ട്. അതുകൊണ്ട് സിനിമകൾ കണ്ടു കഴിഞ്ഞ് സമ അഭിപ്രായം പറയുന്നത് കുറവാണ്. തന്റെ തീരുമാനങ്ങൾക്ക് സമയുടെ പിന്തുണയുണ്ട്.” ആസിഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക