ഒരു നല്ല ഐപിഒ കണ്ടെത്തുക എന്നത് ഒരു നല്ല ഓഹരി കണ്ടെത്തുന്നത് പോലെ തന്നെ ശ്രദ്ധ പുലർത്തേണ്ട കാര്യമാണ്. കാരണം ഓഹരിയിലെ നിക്ഷേപം എന്നത് ഒരു ബിസിനസിലുളള നിക്ഷേപം കൂടിയാകുന്നു.അതിനാൽ കമ്പനിയുടെ നാനാവശവും പരിശോധിക്കേണ്ടത് ഐപിഒയിൽ നിക്ഷേപിക്കുന്നതിന് മുമ്പും അനിവാര്യമാണ്. മികച്ച ഐപിഒ എങ്ങനെ തിരിച്ചറിയാം എന്ന് അറിയാം.
1. കമ്പനിയുടെ ബിസിനസ്, ധനകാര്യം, മാനേജ്മെന്റ്
ഒരു ഐപിഒയിൽ നിക്ഷേപിക്കാൻ തീരുമാനമെടുക്കും മുമ്പ് കമ്പനിയുടെ പ്രധാന മൂല്യങ്ങൾ, നയങ്ങൾ, ലക്ഷ്യങ്ങൾ എന്നിവ മനസിലാക്കണം. കമ്പനിക്ക് വിപണിയുടെ മുൻനിരയിലാണോ സ്ഥാനമെന്ന് പരിശോധിക്കുക. കമ്പനിയുടെ പ്രവർത്തനമേഖല മത്സരക്ഷമതയുള്ളതാണോ എന്നും അറിയേണ്ടത് വളരെ പ്രധാനമാണ്.
കൂടാതെ കമ്പനിയുടെ പ്രൊമോട്ടർമാർ, അവരുടെ വിശ്വാസ്യത, മാനേജ്മെന്റ്, അവരുടെ യോഗ്യത എന്നിവയെ കുറിച്ച് നിക്ഷേപകർ അറിഞ്ഞിരിക്കണം.
2. പ്രവർത്തന ചരിത്രം പരിശോധിക്കുക
ഐപിഒയിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് കമ്പനിയ്ക്ക് സാന്നിദ്ധ്യമുള്ള വിപണിയിലെ വളർച്ചാ അവസരങ്ങൾ, കമ്പനിയുടെ സ്ഥാനം, മത്സരക്ഷമത, മാനേജ്മെന്റിന്റെ ട്രാക് റെക്കോർഡ്, പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം ( ഐപിഒയ്ക്ക് മുമ്പും ശേഷവും), പ്രൈവറ്റ് ഇക്വിറ്റി പങ്കാളിത്തം പോലുള്ള കാര്യങ്ങളും നിക്ഷേപകർ പരിഗണിക്കണം.
കമ്പനിയുടെ ലാഭം, വരുമാനം, വളർച്ച, മൂലധന ഘടന, വരുമാന അനുപാതം എന്നിവയും വിലയിരുത്തണം. ഒരു പുതിയ ലിസ്റ്റിങിന്റെ സാമ്പത്തികകാര്യങ്ങൾ വിശകലനം ചെയ്യന്നത് അൽപ്പം ബുദ്ധിമുട്ടാണെങ്കിലും മുൻകാല പ്രവർത്തന ചരിത്രം മനസിലാക്കാനും ഒരാളുടെ കഴിവിന് അനുസരിച്ച് സാമ്പത്തിക പ്രസ്താവനകൾ മനസിലാക്കാനും ശ്രമിക്കുക.
3. സാധ്യതകൾ വിലയിരുത്തുക
നിക്ഷേപകരിൽ നിന്നും ഐപിഒയ്ക്കുള്ള ആവശ്യകത മനസിലാക്കുക എന്നത് ഒരു ഐപിഒ തിരഞ്ഞെടുക്കുമ്പോൾ വളരെ പ്രധാനമാണ്. മാത്രമല്ല ഓഹരികൾ ന്യായമായ വിലയ്ക്ക് ലഭ്യമാണോ എന്ന് വിലയിരുത്തുകയും വേണം.
സവിശേഷമായ സേവനങ്ങൾ ലഭ്യമാക്കുന്നതും പ്രവർത്തന മേഖലയിൽ നേതൃനിരയിലുള്ളതും ലിസ്റ്റിങ് ദിനത്തിലെ നേട്ടത്തിനും അപ്പുറം ദീർഘകാലയളവിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധ്യത ഉള്ളതുമായ കമ്പനികളുടെ ഐപിഒ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക