2011ലാണ് വില്യം രാജകുമാരൻ കെയ്റ്റ് മിഡിൽട്ടനെ വിവാഹം ചെയ്തത്. സാധാരണയായി രാജകുടുംബത്തിന് പുറത്ത് നിന്ന് ഒരാളെ വിവാഹം ചെയ്യുമ്പോൾ പല നിയമങ്ങളും നേരിടേണ്ടി വരാറുണ്ട്. അത്തരം പരീക്ഷണങ്ങൾ കെയ്റ്റിനും നേരിടേണ്ടി വന്നിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഭാവി വധുവിന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സാധിക്കുമോ എന്ന് കണ്ടെത്താൻ രാജകുടുംബം കെയ്റ്റിന് പരിശോധന നടത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടോം ക്വിന്നിന്റെ പുതിയ പുസ്തകത്തിലാണ് ഇതെ കുറിച്ച് വെളിപ്പെടുത്തലുള്ളത്. കെയ്റ്റിന് കുഞ്ഞുങ്ങൾക്ക് ജൻമം നൽകാൻ കഴിയില്ല എന്ന് കണ്ടെത്തിയിരുന്നെങ്കിൽ വില്യമുമായുള്ള വിവാഹം നടക്കില്ലായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.
1981ൽ ചാൾസിനെ വിവാഹം കഴിക്കുന്ന സമയത്ത് ഡയാനയും ഇതേപോലുള്ള പരിശോധനകൾക്ക് വിധേയയായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതെ കുറിച്ച് ഡയാനക്ക് ധാരണയുണ്ടായിരുന്നില്ല. വെറുമൊരു ആരോഗ്യ പരിശോധന മാത്രമാണ് അതെന്നാണ് അന്ന് ഡയാന കരുതിയിരുന്നതെന്നും വൈകിയാണ് ഇതെ കുറിച്ച് മനസിലാക്കിയതെന്നും പുസ്തകത്തെ ഉദ്ധരിച്ച് ഹെല്ലോ മാഗസിൻ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 2011 ഏപ്രിൽ 29ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വെച്ച് വിവാഹിതരായ വില്യമിനും കെയ്റ്റിനും മൂന്നുമക്കൾ ആണ് പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക