ജയ്പൂർ : സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രാധാന്യം അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോകൾ നമ്മുടെ ഹൃദയം കവരാറുണ്ട്. അപകടത്തിൽപ്പെട്ട ഒരു പക്ഷിയെ രക്ഷപെടുത്താൻ ശ്രമിക്കുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ജയ്പൂർ ട്രാഫിക് പൊലീസിൽ ഉദ്യോഗസ്ഥനായ ശ്രീപ്രേം സിംഗ് എന്ന വ്യക്തി പട്ടത്തിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. പ്രാവിനെ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം വാഹനങ്ങൾക്കിടയിലൂടെ അതിവേഗം നടന്നുനീങ്ങി എതിരെ വന്ന ബസ് തടഞ്ഞു നിർത്തുകയും, അതിലെ യാത്രക്കാർക്ക് പ്രാവിന്റെ അവസ്ഥ കാണിച്ചു കൊടുക്കുകയും ചെയ്തു.
പിന്നീട്, അദ്ദേഹം ബസിന് മുകളിൽ കയറി, നൂലിൽ കുരുങ്ങിക്കിടന്ന പ്രാവിനെ എടുത്ത് താഴെ നിന്നവർക്ക് കൈമാറുകയും, ശേഷം താഴെ ഇറങ്ങി വന്ന് മറ്റുള്ളവരുടെ സഹായത്തോടെ നൂലിന്റെ കുരുക്കുകൾ അഴിക്കുന്നതും വീഡിയോയിൽ കാണാം. നിരവധി സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിച്ച വീഡിയോയിൽ അനേകം ആളുകളാണ് പൊലീസുകാരനെ അഭിനന്ദിച്ച് കമന്റുകൾ രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക