സെക്സിനോട് എല്ലാവര്ക്കും വ്യത്യസ്ത കാഴ്ച്ചപ്പാടാണുള്ളത്. അതൊരുപക്ഷെ യാഥാര്‍ത്ഥ്യവുമായി യാതൊരു സാമ്യവും ഇല്ലാത്തതുമായിരിക്കും. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ നമ്മുക്കുള്ള തെറ്റിദ്ധാരണകള്‍ ആരോഗ്യത്തിനും ബന്ധങ്ങള്‍ക്കുമെല്ലാം ഭീഷണിയാണ്. സന്തോഷകരവും ആരോഗ്യകരവുമായ സെക്സ് ലൈഫിന് ഈ അഞ്ച് തെറ്റിദ്ധാരണകള്‍ മാറ്റാം
സെക്സ് ചെയ്യുന്നത് വ്യായാമത്തിന് തുല്യം
ഒരുപക്ഷെ സിനിമകളിലും മറ്റും കാണുന്ന സെക്സ് രംഗങ്ങളില്‍ നിന്നായിരിക്കും ഇത്തരമൊരു ചിന്ത ഉണ്ടാകുന്നത്. സെക്സ് ഒരു വ്യായാമം ആണെങ്കിലും ശരിയായ വ്യായാമം പോലെ കലോറി കത്തില്ല. അര മണിക്കൂര്‍ മിതമായ തീവ്രതയില്‍ എയറോബിക് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ 200 കലോറി വരെ കത്തിക്കാന്‍ കഴിയും. അതേസമയം സെക്സില്‍ സാധാരണ 100 കലോറിയില്‍ താഴെ മാത്രമേ ഉപയോഗിക്കാറുള്ളു എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേസമയം പതിവായി വ്യായാമം ചെയ്യുന്നത് സെക്സ് ലൈഫ് മെച്ചപ്പെടുത്തും.
ആര്‍ത്തവസമയത്ത് ഗര്‍ഭിണിയാകില്ല
വളരെ വിരളമാണെങ്കിലും, ആര്‍ത്തവസമയത്ത് വേണ്ട സുരക്ഷയില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗര്‍ഭിണിയാകാന്‍ ചെറിയ സാധ്യതയുണ്ട്. ഒരു സ്ത്രീയുടെ അണ്ഡോത്പാദന കാലയളവ് വ്യത്യാസപ്പെടുകയും ബീജം ഗര്‍ഭപാത്രത്തില്‍ അഞ്ച് ദിവസം വരെ നിലനില്ക്കുകയും ചെയ്യുമെന്നതിനാല്‍ ആര്‍ത്തവ സമയത്ത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ നിന്ന് ഗര്‍ഭിണിയാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുമാത്രമല്ല, ആര്‍ത്തവ ചക്രത്തില്‍ അണ്ഡോല്പാദനം ഏത് സമയത്തും സംഭവിക്കാം. അതുകൊണ്ട് അനാവശ്യ ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയ്ക്കാന്‍ എപ്പോഴും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
ഗര്‍ഭനിരോധനത്തിന് പതിവായി ഗുളിക കഴിക്കാം
ഹോര്‍മോണ്‍ അളവില്‍ മാറ്റം വരുത്തിയാണ് ഗര്‍ഭനിരോധന ഗുളിക പ്രവര്‍ത്തിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ എമര്‍ജന്‍സി പില് അടിയന്തര ഘട്ടങ്ങളില്‍ കഴിക്കാനുള്ളതാണ്. മറ്റ് ഗര്‍ഭനിരോധന മാര്‍ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുളിക കഴിക്കാമെന്നത് അത്ര വിശ്വസനീയമായ ഉപാദിയുമല്ല. ഓക്കാനം, ഛര്‍ദ്ദി, തലവേദന, തലകറക്കം, സ്തനങ്ങളുടെ ആര്‍ദ്രത, വയറുവേദന തുടങ്ങി പല ബുദ്ധിമുട്ടുകളും ഇതുമൂലം സംഭവിക്കാറുണ്ട്.
പെനിട്രേറ്റീവ് സെക്സ് ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് ഓര്‍ഗാസം ഉണ്ടാകും
പെനിട്രേറ്റീവ് സെക്സ് ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് വളരെ പെട്ടെന്ന് ഓര്‍ഗാസം ഉണ്ടാകും എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ 10,000ത്തോളം നാഢീവ്യൂഹങ്ങള്‍ സംഗമിക്കുന്ന ക്ലിറ്റോറിസ് വളരെ സെന്‍സിറ്റീവ് ആണ്. രതിമൂര്‍ച്ഛയിലെത്താന്‍ 75 ശതമാനം സ്ത്രീകള്‍ക്കും ക്ലിറ്റോറല്‍ ഉത്തേജനം ആവശ്യമാണെന്നാണ് പറയുന്നത്. ക്ലിറ്റോറിസ് യോനിക്ക് പുറത്ത് സ്ഥിതിചെയ്യുന്നതുകൊണ്ടുതന്നെ പെനിട്രേറ്റീവ് സെക്സില്‍ ഈ രീതിയില്‍ ഓര്‍ഗാസം കണ്ടെത്തുക പ്രയാസമാണ്.
ശാരീരികവും മാനസികവുമായ ഘടകങ്ങള്‍ ഒന്നിക്കുന്ന ഒരു സങ്കീര്‍ണ്ണ പ്രക്രിയയാണ് സ്ത്രീകളുടെ രതിമൂര്‍ച്ഛ. ഇതിന് പല സ്ത്രീകള്‍ക്കും വിശ്രമവും ശരിയായ മാനസികാവസ്ഥയും ആവശ്യമാണ്, പെന്ട്രേറ്റീവ് സെക്സില്‍ ഇത് പ്രയാസമാണ്.
ലൈംഗിക രോഗങ്ങള്‍ക്കെല്ലാം പ്രകടമായ ലക്ഷണങ്ങളുണ്ട്
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ (STDs) ലക്ഷണങ്ങള്‍ രോഗബാധിതനായ ആളില്‍ പ്രകടമായി കാണണമെന്നില്ല. എന്നാല്‍ ഇത് പങ്കാളികള്‍ക്കിടയില്‍ പടര്‍ന്നേക്കാം. ക്ലമീഡിയ, ഗൊണോറിയ, എച്ച്ഐവി തുടങ്ങിയ പല രോഗങ്ങള്‍ക്കും ദൃശ്യമായ ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. പതിവായി പരിശോധന മാത്രമാണ് ഇത് കണ്ടെത്താനുള്ള മാര്‍ഗ്ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക