മലയാളത്തിൽ മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനും ആയി എത്തി പൃഥ്വിരാജ് തന്നെ സംവിധാനം നിർവഹിച്ച ചിത്രമായിരുന്നു “ബ്രോ ഡാഡി”. മോഹൻലാലിനും പൃഥ്വിരാജിനും പുറമേ മീന, കല്യാണി പ്രിയദർശൻ, കനിഹ, ലാലു അലക്സ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇതിനു മുൻപ് പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിച്ച “ലൂസിഫർ” എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് “ഗോഡ് ഫാദർ” എന്ന പേരിൽ പുറത്തു വന്നിരുന്നു. തെലുങ്ക് പതിപ്പിൽ ചിരഞ്ജീവി മോഹൻലാലിന്റെ ഡാഡി കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ.കല്യാണ കൃഷ്ണ സംവിധാനം നിർവഹിക്കുന്ന ബ്രോ ഡാഡിയുടെ തെലുങ്ക് പതിപ്പിലേക്ക് ചിരഞ്ജീവിയുടെ നായികയായി ഉയർന്നു കേൾക്കുന്നത് തൃഷയുടെ പേരാണ്. യുവതാരം സിദ്ദു ജൊന്നലഗദ്ധ പൃഥ്വിരാജിന്റെ റോളിലും ശ്രീലീല കല്യാണിയുടെ വേഷത്തിലും ചിത്രത്തിൽ പ്രത്യക്ഷപ്പെടും.
പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാവുകയാണെങ്കിൽ മോഹൻലാലിന്റെ രണ്ടു ചിത്രങ്ങളുടെയും തെലുങ്കു പതിപ്പിൽ നായകനാകുന്നത് ചിരഞ്ജീവി ആയിരിക്കും. ഇതിനു മുൻപ് പുറത്തിറങ്ങിയ ലൂസിഫറിന്റെ തെലുങ്ക് പതിപ്പിപ്പിലും ചിരഞ്ജീവി ആയിരുന്നു മോഹൻലാലിന്റെ വേഷത്തിൽ എത്തിയിരുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ബ്രോ ഡാഡി 2022 ജനുവരി 26 ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദർശനത്തിന് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക