സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഈ മാസം 28-ന് ബലിപ്പെരുന്നാൾ ( ഈദുൽ-അദ്-ഹ) ആഘോഷിക്കും എന്ന് റിപ്പോർട്ട്. അറഫാ സംഗമം 27-ന് നടക്കും. സൗദിയ്ക്ക് പുറമേ ഒമാനിലും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
ത്യാഗവും ആത്മസമർപ്പണവുമാണ് ബലിപ്പെരുന്നാളിന്റെ സന്ദേശം. ഈദുൽ അദ്ഹ, ബക്രീദ്, വലിയപ്പെരുന്നാൾ എന്നീ പേരുകളിലും ആഘോഷ ദിനം അറിയപ്പെടുന്നു. സ്വപ്നത്തിലെ ദൈവ കല്പന പ്രകാരം ഹസ്രത്ത് ഇബ്രാബിം നബി മകൻ ഇസ്മായിലിനെ ബലി നൽകാൻ തയ്യാറായതിന്റെ സ്മരണ പുതുക്കലായാണ് ബലിപ്പെരുന്നാൾ ആഘോഷിക്കുന്നത്.
ഇസ്ലാമിലെ അഞ്ച് പുണ്യം കർമ്മങ്ങളിൽ ഒന്നായ ഹജ്ജ് നിർവഹിക്കപ്പെടുന്നത് ഈ ദിനത്തിലാണ്. ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബലിപ്പെരുന്നാൾ ആഘോഷിക്കുന്നത്. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ദുൽഹജ്ജ് മാസത്തിലെ ഒമ്പതാം ദിവസമാണ് നടക്കുന്നത്. വലിയ പെരുന്നാളോടെയാണ് ഹജ്ജ് കർമ്മത്തിന് പരിസമാപ്തിയാകുന്നത്. ദുൽഹജ്ജ് മാസം എട്ട് മുതൽ പന്ത്രണ്ട് വരെയാണ് മക്കയിലേയ്ക്ക് ഹജ്ജ് തീർത്ഥാടനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക