തമിഴ്നാട് മുൻ എക്സൈസ് മന്ത്രി സെന്തിൽ ബാലാജി കഴിഞ്ഞ ഏപ്രിൽ നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് തമിഴ്നാട്ടിൽ 500 മദ്യശാലകൾ അടച്ചുപൂട്ടുന്നു. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ടാസ് മാക് ) കീഴിലുള്ള 500 റീട്ടെയിൽ മദ്യശാലകൾ ആണ് ജൂൺ 22 മുതൽ അടച്ചുപൂട്ടുന്നത്. ഈ വിവരം സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡ് തന്നെയാണ് ബുധനാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചത്.
കഴിഞ്ഞ ഏപ്രിൽ 20ന് തന്നെ മദ്യശാലകൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയിരുന്നു. അടച്ചുപൂട്ടേണ്ട മദ്യശാലകൾ കണ്ടെത്തിയതായും അവ നാളെ മുതൽ പ്രവർത്തിക്കില്ലെന്നും ടാസ് മാക് വ്യക്തമാക്കി. തമിഴ്നാട്ടിൽ മദ്യശാലകളുടെ എണ്ണം കുറയ്ക്കുക എന്ന നീക്കത്തിന്റെ ആദ്യ പടിയായാണ് 500 മദ്യശാലകൾ തമിഴ്നാട്ടിൽ അടച്ചുപൂട്ടുന്നത്. ആദ്യഘട്ടത്തിൽ കച്ചവടം കുറവുള്ളവയും, ജനവാസ മേഖലകൾ, ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സമീപത്തെ മദ്യശാലകളും ആണ് അടച്ചുപൂട്ടുക. അടച്ചുപൂട്ടുന്ന 500 മദ്യശാലകളിൽ 138 എണ്ണം ചെന്നൈ സോണിലും 78 എണ്ണം കോയമ്പത്തൂർ സോണിലും 125 എണ്ണം മധുരയിലും 59 എണ്ണം സേലത്തും 100 എണ്ണം തിരിച്ചിറപള്ളിയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക